കുവൈത്ത് സിറ്റി - അഴിമതിക്കേസിൽ മുൻ കുവൈത്ത് ആരോഗ്യ മന്ത്രിയെയും മന്ത്രാലയത്തിലെ രണ്ടു മുൻ അണ്ടർ സെക്രട്ടറിമാരെയും പ്രത്യേക കോടതി ശിക്ഷിച്ചു. ഇവർക്ക് ഏഴു വർഷം കഠിന തടവും പതിനായിരം കുവൈത്തി ദീനാർ പിഴയുമാണ് മന്ത്രിമാർ പ്രതികളാകുന്ന കേസുകൾ വിചാരണ ചെയ്യാൻ സ്ഥാപിച്ച കോടതി വിധിച്ചത്. കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഴിമതി കേസിൽ ഒരു മന്ത്രി ശിക്ഷിക്കപ്പെടുന്നത്.
മുൻ ആരോഗ്യ മന്ത്രി ഡോ. അലി അൽഉബൈദിക്കും അണ്ടർ സെക്രട്ടറിമാരായ ഖാലിദ് അൽസഹ്‌ലാവിക്കും മഹ്മൂദ് അബ്ദുൽ ഹാദിക്കുമാണ് ശിക്ഷ. അഴിമതിയിലൂടെ നഷ്ടമുണ്ടാക്കിയ 8.1 കോടി കുവൈത്തി ദീനാർ ഇവർ പൊതുഖജനാവിൽ തിരിച്ചടക്കണമെന്നും വിധിയുണ്ട്.
ആരോഗ്യ വകുപ്പിന് മരുന്നുകൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട രണ്ടാമത്തെ അഴിമതി കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
അമേരിക്കൻ കമ്പനിക്ക് ലാഭമുണ്ടാക്കുന്നതിനു വേണ്ടി ആരോഗ്യ വകുപ്പ് കരാറിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോടെയല്ലാതെ രണ്ടര ശതമാനം കമ്മീഷൻ അധികമായി കൂട്ടിച്ചേർത്തെന്ന ആരോപണമാണ് മുൻ ആരോഗ്യ മന്ത്രിയും അണ്ടർ സെക്രട്ടറിമാരും നേരിട്ടത്. 2015 ജനുവരി നാലിന് ഒപ്പുവെച്ച കരാർ പ്രകാരം അമേരിക്കൻ കമ്പനിക്ക് 72,81,298 ഡോളർ (22 ലക്ഷം കുവൈത്തി ദീനാർ) അധികമായി ലഭിച്ചു. ഇതിനു പുറമെ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പുവെച്ച് മന്ത്രിയും അണ്ടർ സെക്രട്ടറിമാരും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയതിന്റെ ഫലമായി 8,11,94,284 ഡോളർ (24.6 ദശലക്ഷം കുവൈത്തി ദീനാർ) ആരോഗ്യ മന്ത്രാലയത്തിന് നഷ്ടം നേരിട്ടതായും ആരോപണമുണ്ടായിരുന്നു.
മന്ത്രിമാർക്കെതിരായ അഴിമതി കേസുകളിൽ അന്വേഷണം നടത്തുന്നതിന് 1995 ൽ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഡോ. അലി അൽഉബൈദിയെ അഴിമതി കേസിൽ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യുന്നതിന് 2018 ലാണ് ഉത്തരവിട്ടത്. കുവൈത്തിൽ ഈ കോടതിയിൽ വിചാരണ നേരിടുന്ന ആദ്യ മന്ത്രിയാണ് ഡോ. അലി അൽഉബൈദി.