ബുറൈദ - ഉനൈസയിലെ അൽഖുദ്‌സ് ഡിസ്ട്രിക്ടിൽ മൂന്നാം നിലയിലെ ഫഌറ്റിന്റെ ജനലിനു പുറത്ത് കുടുങ്ങിയ ഏഴു വയസുകാരനെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടാതെ കളിക്കുന്നതിനിടെയാണ് മൂന്നാം നിലയിലെ ജനലിന്റെ ഇരുമ്പ് ഗ്രില്ലിനു പുറത്ത് ബാലൻ കുടുങ്ങിയത്. മുറിക്കകത്തേക്ക് തിരിച്ചുകയറാൻ കഴിയാതെ ജനലിനു പുറത്തു കുടുങ്ങിയ ബാലനെ രക്ഷപ്പെടുത്തുന്നതിന് കുടുംബാംഗങ്ങൾക്കും സാധിച്ചില്ല.
ഏതു സമയവും പിടിവിട്ട് താഴെ പതിക്കാവുന്ന നിലയിലാണ് ബാലനെ മറ്റുള്ളവർ കണ്ടെത്തിയത്. ഇതേ കുറിച്ച് ഇന്നലെ രാവിലെ 7.35 ന് ആണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി ബാലനെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നെന്ന് അൽഖസീം സിവിൽ ഡിഫൻസ് വക്താവ് ഇബ്രാഹിം അബൽഖൈൽ പറഞ്ഞു.