തിരുവനന്തപുരം- നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം ഗവര്‍ണര്‍ വായിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷ വിമര്‍ശിക്കുന്ന പ്രസംഗത്തിലെ 18ാം ഖണ്ഡിക വയിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളാണ് പ്രസംഗത്തിലെ 18-ാം ഖണ്ഡികയിലുള്ളത്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമം ഭരണഘടന അനുശാസിക്കുന്ന തുല്യതയെയും മത നിരപേക്ഷതയെയും തകര്‍ക്കുമെന്ന് ഗവര്‍ണര്‍ വായിച്ചപ്പോള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ചു സ്വാഗതം ചെയ്തു. പൗരത്വം മത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദത്തിന് വഴിയൊരുക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണെന്നും വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.