Sorry, you need to enable JavaScript to visit this website.

മദ്രസാധ്യാപകർക്കുള്ള പലിശരഹിത  വായ്പ അട്ടിമറിച്ചതായി പരാതി

കോഴിക്കോട്- മദ്രസാധ്യാപകർക്ക് അനുവദിക്കപ്പെട്ട പലിശ രഹിത വായ്പ നിഷേധിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് എസ്.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മരുത അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു. 
അനുവദിക്കപ്പെട്ട കോടികൾ ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കിൽ ഇട്ട ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ 2018-2019 ൽ അപേക്ഷ പോലും ക്ഷണിക്കാതെ വഞ്ചനയാണ് കാണിച്ചത്. തുഛമായ വേതനത്തിനാണ് പതിനായിരക്കണക്കായ മുഅല്ലിമീങ്ങൾ മദ്രസാ രംഗത്ത് ജോലി ചെയ്യുന്നത്. 


ജീവിതച്ചെലവുകൾ കുത്തനെ ഉയർന്നിട്ടും അവരുടെ ശമ്പളം ഇന്നും അയ്യായിരം താണ്ടിയിട്ടില്ല. പെൺകുട്ടികളെ കെട്ടിക്കാനും വീടുവെക്കാനും എന്തിന് മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് പോലും മുഅല്ലിമീങ്ങൾ കഷ്ടപ്പെടുകയാണ്. വിവിധ സ്വകാര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാറുകളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന തരത്തിലുള്ള ഒരു പരിഗണനയും മദ്രസാധ്യാപകർക്ക് ഇന്നുവരെ ലഭിച്ചിട്ടില്ല.
അതിനിടയ്ക്കാണ് മദ്രസാ ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർക്ക് ഭവന നിർമാണത്തിനും മറ്റു ആവശ്യങ്ങൾക്കും രണ്ടു ലക്ഷം രൂപ പലിശ രഹിത വായ്പ അഞ്ചു വർഷ തിരിച്ചടവ് കാലാവധിയിൽ നൽകുവാനുള്ള തീരുമാനം. 


ഉത്തരവ് പ്രകാരം പ്രസ്തുത വായ്പ അനുവദിക്കുന്നതിനായി 2018 മാർച്ചിൽ തന്നെ അപേക്ഷ ക്ഷണിക്കേണ്ടിയിരുന്നതാണെന്നും എന്നാൽ ഇന്നുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് മാത്രമല്ല അനുവദിക്കപ്പെട്ട തുക സ്വകാര്യ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തി അതിന്റെ പലിശ കൊണ്ട് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ വിലകൂടിയ കാറുകൾ വാങ്ങിയും ഓഫീസ് മോടി പിടിപ്പിച്ചും ധൂർത്തടിക്കുകയാണെന്നുമുള്ള അതിഗുരുതരമായ വാർത്ത പുറത്തു വന്നിരിക്കുകയാണ്. 


ഈ പശ്ചാത്തലത്തിൽ വായ്പ നകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചതും ഇതുവരെ എത്ര പേർക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നുമുള്ള മുഴുവൻ വിവരങ്ങളും കോർപറേഷൻ പുറത്തു വിടണം. ട്രഷറിയിൽ നിക്ഷേപിക്കേണ്ട പണം എന്തുകൊണ്ട് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചു, നിക്ഷേപത്തിൽ നിന്ന് എത്ര രൂപ പലിശയായി ലഭിച്ചു, ഈ പണം എന്തിനൊക്കെ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങളും കോർപറേഷൻ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News