മക്ക - വൻതോതിൽ വ്യാജ ഇഖാമകൾ നിർമിച്ച് വിതരണം ചെയ്ത ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സംഘത്തെ മക്കയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇഖാമ നിർമാണ, വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. രഹസ്യമായി നിരീക്ഷിച്ച് നിജസ്ഥിതി ഉറപ്പുവരുത്തിയും സംഘത്തിന്റെ താവളം കണ്ടെത്തിയുമാണ് ഇരുവരെയും കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇന്ത്യക്കാരനും സോമാലിയക്കാരനും ചേർന്നാണ് വ്യാജ ഇഖാമകൾ നിർമിച്ച് വിതരണം ചെയ്തിരുന്നത്. വിതരണത്തിന് തയാറാക്കിയ 2,498 വ്യാജ ഇഖാമകളും വ്യാജ ഇഖാമകൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും സംഘത്തിന്റെ താവളത്തിൽ കണ്ടെത്തി. ഇരുവർക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു.