റിയാദ് - പാക് സൈന്യത്തിലെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ നദീം റാസ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൈനിക മേഖലയിൽ അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം, പാക്കിസ്ഥാനിലെ സൗദി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ അവദ് അൽസഹ്‌റാനി, സൗദിയിലെ പാക്കിസ്ഥാൻ അംബാസഡർ രാജാ അലി ഇഅ്ജാസ്, ഡയറക്ടർ ജനറൽ ഓഫ് ലോജിസ്റ്റിക്‌സ് ആന്റ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സർഫ്‌റാസ് ഖാൻ, റിയാദ് പാക്കിസ്ഥാൻ എംബസി പ്രതിരോധ അറ്റാഷെ ബ്രിഗേഡിയർ ഹാറൂൻ ഇസ്ഹാഖ് രാജാ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.