റിയാദ് - വിദേശികൾക്ക് ബാധകമാക്കിയ ലെവി ഇപ്പോൾ പുനഃപരിശോധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ, വിദേശികൾക്കുള്ള ലെവി പുനഃപരിശോധിക്കുന്നതിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോഴല്ല എന്ന് മന്ത്രി മറുപടി നൽകി. വിദേശികൾക്കുള്ള ലെവിയിൽ ഭേദഗതികൾ വരുത്തുന്നതിന് ആലോചനയില്ലെന്ന് ഡിസംബറിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കോ വിദേശികളുടെ ആശ്രിതർക്കോ ബാധകമായ ലെവിയിൽ ഭേദഗതികൾ വരുത്തുന്നതിന് ഇപ്പോൾ ആലോചനയില്ല. ലെവിയിൽ മാറ്റം വരുത്താൻ തീരുമാനിക്കുന്ന പക്ഷം അക്കാര്യം അപ്പോൾ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളെ അഞ്ചു വർഷം ലെവിയിൽ നിന്ന് ഒഴിവാക്കുന്നതിന് കഴിഞ്ഞ സെപ്റ്റംബർ 24 ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഒക്‌ടോബർ ഒന്നു മുതൽ ഇത് നിലവിൽ വന്നു. സൗദിയിൽ 2014 മുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കി തുടങ്ങിയത്.