കാസര്‍കോട്- തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് കുമ്പളയില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. സംഘത്തില്‍പ്പെട്ട കിരണ്‍ എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
കുമ്പള ബംബ്രാണയില്‍ താമസിച്ചു പഠിക്കുന്നവരാണ് അക്രമത്തിനിരയായ വിദ്യാര്‍ഥികള്‍. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച വര്‍ സി.എ.എയും എന്‍.ആര്‍.സിയും അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികള്‍ പറയുന്നു.
കാസര്‍കോടിനെ മുസാഫര്‍നഗറും ഗുജറാത്തുമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ ഗൂഢശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആരോപിച്ചു. വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കലും അക്രമികളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.