റിയാദ് - കൊറോണ വ്യാപനം ആഗോള എണ്ണ വിപണിയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. കൊറോണ വ്യാപനം ചൈനീസ്, ആഗോള സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ട്. അതേസമയം, കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനും കൊറോണ വൈറസ് പാടെ ഇല്ലാതാക്കുന്നതിനും ചൈനീസ് ഗവൺമെന്റിനും ആഗോള സമൂഹത്തിനും സാധിക്കുമെന്ന കാര്യത്തിൽ വിശ്വാസമുണ്ട്.
എണ്ണ വിപണി അടക്കം ആഗോള വിപണിയെ കൊറോണ വ്യാപനം പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ആഗോള തലത്തിൽ എണ്ണയാവശ്യത്തിൽ കൊറോണ വ്യാപനത്തിന്റെ സ്വാധീനം പരിമിതമായിരിക്കും. 2003 ൽ സാർസ് വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിക്കിടെയും ഇത്തരം അശുഭാപ്തി വിശ്വാസം ചിലർ വെച്ചുപുലർത്തിയിരുന്നു. എന്നാൽ അന്ന് പെട്രോൾ ആവശ്യത്തിൽ എടുത്തുപറയത്തക്ക കുറവുണ്ടായില്ല. വിപണിയിലുണ്ടാകുന്ന ഏതു മാറ്റങ്ങളുമായും പ്രതികരിക്കുന്നതിനുള്ള ശേഷി ഒപെക് രാജ്യങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ എണ്ണ വിപണിയുടെ സ്ഥിരതക്ക് അനിവാര്യമായ നടപടികൾ ഒപെക് സ്വീകരിക്കുമെന്നും സൗദി ഊർജ മന്ത്രി പറഞ്ഞു.
ചൈനയിലുള്ള 800 സൗദികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സത്വരം സ്വീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചൈനയിലെ സൗദി എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അംബാസഡർ തുർക്കി അൽമാദി പറഞ്ഞു. ചൈനയിലുള്ള സൗദി വിദ്യാർഥികൾക്കും സന്ദർശകർക്കും എല്ലാവിധ സഹായങ്ങളും എംബസി നൽകുന്നുണ്ട്. രോഗം പടർന്നുപിടിച്ച മേഖലകളിൽ നിന്ന് സൗദി പൗരന്മാരെ ഒഴിപ്പിക്കുകയും സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നുമുണ്ട്.
800 സൗദി പൗരന്മാരാണ് സൗദി എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 482 പേർ വിദ്യാർഥികളാണ്. ഇവർക്കു പുറമെ വ്യവസായികളും ടൂറിസ്റ്റുകളും ചൈനയിലുണ്ട്. പുതിയ കൊറോണ പടർന്നുപിടിച്ച വുഹാനിൽ പത്തു സൗദി വിദ്യാർഥികളാണുള്ളത്. ഇവർക്ക് ആർക്കും രോഗം ബാധിച്ചിട്ടില്ല. വുഹാനിലുള്ള പത്തു വിദ്യാർഥികളെയും എംബസി മുൻകൈയെടുത്ത് ഒഴിപ്പിക്കുന്നുണ്ട്. ഇവരെ വിമാന മാർഗം നേരിട്ട് സൗദിയിലെത്തിക്കും. ചൈനയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇക്കാര്യം കണക്കിലെടുത്ത് ചൈനയിലുള്ള മുഴുവൻ സൗദി വിദ്യാർഥികളും സ്വദേശത്തേക്ക് മടങ്ങണമെന്നാണ് എംബസി ആവശ്യപ്പെടുന്നത്. എല്ലാവർക്കും തങ്ങൾക്ക് അനുയോജ്യമായ തീരുമാനമെടുക്കാവുന്നതാണ്.
ചൈനയിലുള്ള സൗദി പൗരന്മാർ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങുകയും മറ്റുള്ളവരുടെ ദേഹത്ത് സ്പർശിക്കുകയും കൂട്ടിയുരസുകയും ചെയ്യരുത്. മാസ്‌കുകൾ ധരിക്കുന്നതിനും ചൈനീസ് ഗവൺമെന്റ് തയാറാക്കിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.
പുതിയ കൊറോണ വൈറസ് ചെറുക്കുന്നതിന് കർക്കശമായ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ചൈനയിൽ നിന്ന് വരുന്ന മുഴുവൻ യാത്രക്കാരെയും ഹെൽത്ത് കൺട്രോൾ സെന്ററുകളിലെ ജീവനക്കാർ പരിശോധിക്കുന്നുണ്ടെന്നും സൗദിയിൽ ഇതുവരെ പുതിയ കൊറോണ വൈറസ്ബാധാ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.