ജിദ്ദ - ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുമില്ലാതെ പ്രവർത്തിച്ചിരുന്ന ആഭരണ നിർമാണ ശാലയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 300 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു.
ദക്ഷിണ ജിദ്ദയിലെ കന്ദറ ഡിസ്ട്രിക്ടിലെ വീട് കേന്ദ്രീകരിച്ചാണ് അനധികൃത ആഭരണ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഏഴു ഏഷ്യൻ വംശജരെ പിടികൂടി. ഇവിടെ നിർമിച്ചിരുന്ന ആഭരണങ്ങളിൽ ഫാക്ടറിയുടെ ട്രേഡ് മാർക്ക് മുദ്രണം ചെയ്തിരുന്നില്ല.
ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കുന്നവയാണെന്നും നിശ്ചിത കാരറ്റ് വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തുന്നതിന് ആഭരണങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്ഥാപനം അടപ്പിച്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഫാക്ടറി ഉടമയെയും തൊഴിലാളികളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ലൈസൻസ് നേടുകയും പ്രവർത്തനം നിയമാനുസൃതമാക്കുകയും വേണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു. അനധികൃത സ്ഥാപനങ്ങളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.