Sorry, you need to enable JavaScript to visit this website.

കണ്ണീരുണങ്ങാത്ത പാടങ്ങൾ

തമിഴ്‌നാട്ടിൽനിന്നുള്ള നൂറോളം കർഷകർ ദൽഹിയിലെ ജന്തർ മന്ദിറിൽ നടത്തുന്ന സമരത്തോട് സർക്കാർ മുഖം തിരിച്ചുനിൽക്കുകയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന തമിഴ് കർഷകരുടെ ദീനരോദനങ്ങൾ ബധിര കർണങ്ങളിലാണ് പതിക്കുന്നത്. കർഷക ആത്മഹത്യകൾ പെരുകുകയും കർഷകന്റെ ജീവിതം അസഹ്യമാവുകയും ചെയ്തിട്ടും നമ്മുടെ കാർഷിക നയങ്ങളിൽ പൊളിച്ചെഴുത്ത് നടത്താൻ ഭരണകൂടങ്ങൾ തയാറാകുന്നില്ല.

ബംഗ്ലാസാഹെബ് ഗുരുദ്വാരയിലെ സന്നദ്ധ സേവകർക്കുണ്ടായ കരുതൽ പോലും പാവപ്പെട്ട കർഷകരോട് നമ്മുടെ സർക്കാരിന് തോന്നാത്തതെന്ത്? ദൽഹിയിലെ ജന്തർ മന്ദിറിൽ രണ്ടു മാസത്തിലേറെയായി പട്ടിണി കിടക്കുകയാണ് തമിഴ്‌നാട്ടിലെ വിദൂര ഗ്രാമങ്ങളിൽനിന്നെത്തിയ നൂറോളം കർഷകർ. ഭാഷയറിയാതെ, സ്ഥലമറിയാതെ അവർ മഹാനഗരത്തിന്റെ സ്പന്ദനങ്ങൾ കണ്ട്, തങ്ങളുടെ ആവശ്യം ഇടമുറിയാത്ത തമിഴിൽ മുദ്രാവാക്യങ്ങളായി മുഴക്കി, പിന്നെ തളർന്നുറങ്ങി, വീണ്ടുമെഴുന്നേറ്റ് സമരാവേശം നിറച്ച്... അങ്ങനെ നിറമില്ലാത്ത ദിനങ്ങൾ ഏറെയായി പിന്നിടുന്നു അവർ.
വലിയൊരു പ്രതീകവുമായാണ് അവർ ദൽഹിയിലേക്കെത്തിച്ചേർന്നത്- കടത്തിൽ മുങ്ങി ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികൾ. അഭൂതപൂർവമായ വരൾച്ചയുടെ പിടിയിൽ കരിഞ്ഞുണങ്ങിയ ഗ്രാമങ്ങളിൽ കർഷകരുടെ സ്വപ്‌നങ്ങൾ കൂടിയാണ് വരണ്ടുപോയത്. ഒരു വരൾച്ചാ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. നിലയില്ലാ കടങ്ങൾ എഴുതിത്തള്ളണം, നദീജല സംയോജനത്തിന് നടപടി വേണം ഇതൊക്കെയാണ് തമിഴ് കർഷകരുടെ ആവശ്യങ്ങൾ. 
മഹാരാഷ്ട്രയിലും ബിഹാറിലുമൊക്കെ സമാനമായ കർഷക സമരം അടുത്തിടെ ഉയിർകൊണ്ടപ്പോൾ, ജി.എസ്.ടി ഫയലുകളിൽനിന്ന് മുഖമുയർത്തി നമ്മുടെ ധനമന്ത്രി പറഞ്ഞത് അതൊന്നും പറ്റില്ല എന്നാണ്. സംസ്ഥാന സർക്കാരുകളുടെ കൈയിൽ പണമുണ്ടെങ്കിൽ കടം എഴുതിത്തള്ളട്ടെ. കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ല എന്ന് തീർത്തു പറഞ്ഞുകളഞ്ഞു അദ്ദേഹം.
ജന്തർ മന്ദിറിൽ പട്ടിണി കിടക്കുന്ന തമിഴ് തൊഴിലാളികൾക്ക് തങ്ങളുടെ അടുക്കളകൾ തുറന്നിട്ട ബംഗ്ലാസാഹെബ് ഗുരുദ്വാരയുടെ പ്രവർത്തകർ നിസ്സീമമായ മനുഷ്യ സ്‌നേഹം കൊണ്ട് വാർത്തകളിൽ ഇടം നേടി. ഗുരുദ്വാരയുടെ അടുക്കളയിൽ ഭക്ഷണമുള്ളപ്പോൾ ആരും പട്ടിണി കിടക്കരുത് എന്നവർ തീരുമാനിച്ചു. തനി ഗ്രാമീണതയുടെ നിഷ്‌കളങ്കത മാത്രം കൈമുതലുള്ള നിരക്ഷര കർഷകർ ആ സ്‌നേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗുരുദ്വാരയിൽനിന്നെത്തുന്ന ഒരു നേരത്തെ ഭക്ഷണം കഴിച്ച് ദൽഹിയിലെ തെരുവിൽ സമര വീര്യവുമായി കഴിയുമ്പോൾ അവർ ഒരു മടങ്ങിപ്പോക്കു പോലും ആലോചിക്കുന്നില്ല.
ഗുരുദ്വാരയിലെത്തുന്ന പതിനായിരത്തോളം ഭക്തർക്ക് കഴിക്കാനായി ചപ്പാത്തിയും ദാലുമടങ്ങുന്ന ഭക്ഷണമാണ് ഉണ്ടാക്കാറ്. എന്നാൽ തമിഴ് തൊഴിലാളികൾക്ക് ഈ ഭക്ഷണം ശീലമല്ലാത്തത് മനസ്സിലാക്കി ഇപ്പോൾ ചോറും തൈരുമടങ്ങുന്ന തനി തമിഴ് ഭക്ഷണമാണ് ഗുരുദ്വാരയിലെ അടുക്കളയിൽ വേവുന്നത്. ഈ കാരുണ്യത്തിന്റെ ഒരംശമെങ്കിലും  തൊഴിലാളികളോട് നമ്മുടെ സർക്കാരുകൾക്ക് തോന്നാത്തതെന്താണ്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പരിതാപകരമാണ് ഇപ്പോൾ. ജയലളിതയുടെ മരണത്തിന് ശേഷം കൈവിട്ടുപോയ രാഷ്ട്രീയ രംഗം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുന്നു. ഈ തൊഴിലാളികൾക്ക് പിന്തുണയുമായി എത്താനോ അവരുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനോ സംസ്ഥാന സർക്കാരിന് സമയമില്ല. കേന്ദ്രമാകട്ടെ, തമിഴ്‌നാട്ടിലെ രാഷ്ട്രീയ മോഹങ്ങൾ പൂവണിയിക്കാനുള്ള സുവർണാവസരമായി ഈ സന്ദർഭത്തെ കാണുകയും ചെയ്യുന്നു. അതിനാൽ ഈ കർഷകർ ആർക്കും വേണ്ടാത്തവരായി, ആവലാതികൾക്ക് ആര് പരിഹാരം കാണുമെന്നറിയാതെ ഇന്ദ്രപ്രസ്ഥത്തിൽ ഉഴലുകയാണ്.
ദൽഹിയിലെ കാമ്പസുകളിൽ  തൊഴിലാളികളുടെ ദൈന്യം ചെറിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിലെ വാർത്ത. ദൽഹിയിൽ താമസിക്കുന്ന തമിഴരും സ്‌കൂൾ കുട്ടികളും ദൽഹി സർവകലാശാലയിലെ വിദ്യാർഥികളുമൊക്കെ അടുത്ത ദിവസങ്ങളിൽ അവരെ സന്ദർശിക്കാനെത്തുന്നുണ്ട്. മുപ്പതോളം വിദ്യാർഥികൾ തങ്ങളുടെ പോക്കറ്റ് മണിയിൽനിന്നുള്ള പണമുപയോഗിച്ച് തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം ഭക്ഷണമുണ്ടാക്കി നൽകി. 
സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാൻ പലതരത്തിലുള്ള സമര രൂപങ്ങൾ ആവിഷ്‌കരിക്കുകയാണ് അവർ. നായകളെപ്പോലെ കുരച്ചും ചെരിപ്പുകൾ കൊണ്ട് സ്വയം മർദനമേൽപിച്ചും തല മുണ്ഡനം ചെയ്തും ശരീരം മുഴുവൻ ചെളി പൂശിയും പ്രേതങ്ങളെപ്പോലെ വേഷം ധരിച്ചും ഓരോ ദിവസവും അവർ സമരത്തെ വ്യത്യസ്തമാക്കുന്നു. ഇടക്കൊരാൾ ജീവനൊടുക്കാനും ശ്രമിച്ചു.
ഭക്ഷണവുമായെത്തിയ ദൽഹിയിലെ സ്‌കൂൾ വിദ്യാർഥികൾക്കുണ്ടായ മനസ്സലിവ് പോലും സർക്കാരിനുണ്ടാകാത്തതാണ് കർഷകരുടെ ഖേദം. മഴയിലും വെയിലിലും വാടില്ലെന്ന പ്രതിജ്ഞയുമായാണ് ഓരോ ദിവസവും അവർ മുന്നോട്ടു പോകുന്നത്. ഇന്ത്യ അടിസ്ഥാനപരമായി ഒരു കാർഷികരാജ്യമാണെന്ന് പാഠപുസ്തകങ്ങളിൽ നാം പഠിക്കുന്നുവെങ്കിലും ഭരണകൂട അവഗണനയുടെ പാരമ്യം അനുഭവിക്കുന്ന ജനവിഭാഗവും അവർ തന്നെയെന്നതാണ് സത്യം. സഹതാപമോ, അരാഷ്ട്രീയ മാനവികതയോ അല്ല അവരർഹിക്കുന്നത്. പട്ടിണി മാറ്റാൻ ഭക്ഷണം നൽകുന്നത് താൽക്കാലികമായ ഒരു ജീവകാരുണ്യ സംരംഭം മാത്രമാണ്. ഈ കർഷകരുടേയും അവരുടെ കുടുംബങ്ങളുടെയും നിരന്തരമായ പട്ടിണി മാറ്റാൻ ശാശ്വതമായി എന്തു ചെയ്യാൻ കഴിയുമെന്നതാണ് പ്രസക്തമായ ചോദ്യം.
കർഷക ആത്മഹത്യകളുടെ കാര്യത്തിൽ കുതിച്ചുയരുന്ന കണക്കുകളാണ് ഓരോ വർഷം പിന്നിടുന്തോറും കാണുന്നത്. ഈ മാസം നാലിന് കേന്ദ്രസർക്കാർ പാർലമെന്റിൽ വെച്ച കണക്കുകൾ പ്രകാരം ഇക്കൊല്ലം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനിടയിൽ 855 കർഷകരാണ് മഹാരാഷ്ട്രയിൽ മാത്രം ജീവനൊടുക്കിയത്. 
കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് രാജ്യസഭയെ അറിയിച്ചതാണ് ഈ ഞെട്ടിക്കുന്ന വിവരം. കണക്കുകൾ മുൻപിൽ വെച്ചുകൊണ്ട് ഇത് തടയാൻ ഒരു മാർഗവും മന്ത്രി മുന്നോട്ടുവെച്ചു- കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ നടപടി വേണം. കൂടുതൽ കർഷകക്ഷേമ പരിപാടികൾ വേണം. എന്നാൽ പ്രകൃതിക്ഷോഭം മൂലവും അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലവും നഷ്ടത്തിലേക്കും കടക്കെണിയിലേക്കും കൂപ്പുകുത്തുന്ന കർഷകരെ രക്ഷിക്കാൻ മൂർത്തമായ ഒരു നടപടിയും പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയുന്നില്ല. കർഷകരുടെ ക്ഷേമം സംസ്ഥാന സർക്കാരുകളുടെ ചുമതലയാക്കി ഗൗരവം കുറക്കുകയാണ് കേന്ദ്ര ധനമന്ത്രി ചെയ്തത്. 
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2014 ൽ മാത്രം 5650 കർഷകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തത്. 2004 ലെ 18,241 എന്ന സംഖ്യയേക്കാൾ ഇത് കുറവാണെന്ന് മേനി നടിക്കാമെങ്കിലും അത് പരിഹാരമാകുന്നില്ല. 1995 ന് ശേഷം മൂന്നു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർഷിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടകം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് സ്വാഭാവികമായും കൂടുതൽ ആത്മഹത്യകൾ നടന്നിട്ടുള്ളത്. പഞ്ചാബും ഈ പൊതുപ്രവണതയിൽനിന്ന് ഒഴിവല്ല. യഥാർഥ കണക്കുകൾ ഇതിനേക്കാൾ എത്രയോ വലുതായിരിക്കുമെന്ന് ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ പ്രൊഫ. കെ. നാഗരാജ് പറയുന്നു. കർഷക ആത്മഹത്യ സംബന്ധിച്ച് പോലീസിന് വളരെ കർക്കശമായ ചില നിർവചനങ്ങളുണ്ട്. ഇതനുസരിച്ചുള്ള മരണങ്ങൾ മാത്രമാണ് ആ വിഭാഗത്തിൽ അവർ പെടുത്തൂ എന്നതിനാൽ ഔദ്യോഗിക കണക്കുകളേക്കാൾ എത്രയോ വലുതായിരിക്കും യഥാർഥ വസ്തുതകളെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വെള്ളപ്പൊക്കം, വരൾച്ച, കടം, ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗം, പൊതു ആരോഗ്യ നിലവാരം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് കർഷക ആത്മഹത്യകൾക്ക് കാരണമായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം സർക്കാരിന്റെ സാമ്പത്തിക നയങ്ങളും കർഷകർക്ക് പലപ്പോഴും തിരിച്ചടിയായി. തെറ്റായ ഇറക്കുമതി നയംമൂലം കാർഷിക വിളകളുടെ വിലയിടിയുന്നതും കയറ്റുമതി അസാധ്യമാകുന്നതും മെച്ചപ്പെട്ട വിപണി കണ്ടെത്താനാവാത്തതുമെല്ലാം കർഷക വിരുദ്ധ സാമ്പത്തിക നയങ്ങളുടെ ഉപോത്പന്നങ്ങളാണ്. കേരളത്തിലെ പ്രധാന നാണ്യവിളയായ റബറിന്  നേരിട്ട വിലയിടിവ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 
കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേക്കാളുപരി പലപ്പോഴും കർഷക ആത്മഹത്യകൾക്ക് കാരണമാകുന്നത് കടക്കെണിയാണെന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ഈയിടെ രാജിവെച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അരവിന്ദ് പനഗാരിയ തന്നെ പറയുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനാവുക.  കർഷകരുടെ ദുർവിധിയെക്കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ് ഇതിന് അടിവരയിടുന്നു. കാർഷിക നയങ്ങളുടെ അപര്യാപ്തതയാണ് കർഷക സമൂഹത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണമെന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന് അദ്ദേഹം തുറന്ന കത്തെഴുതി. 
സർക്കാരിന്റെ തെറ്റായ നയങ്ങളാണ്, നിയമക്കോടതികളല്ല അവരുടെ ജീവനെടുക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഭരണകൂടങ്ങൾ മാറിയെങ്കിലും നയങ്ങളിൽ മാറ്റമില്ലെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ സാധാരണ കർഷകൻ ദൽഹിയിലെ ജന്തർ മന്ദിറിൽ കാണിച്ചുതരുന്നത്.
കണ്ണീരുണങ്ങാത്ത പാടങ്ങളും കർഷകരുടെ കുടിലുകളിൽനിന്നുയരുന്ന നിലയ്ക്കാത്ത നിലവിളികളും അറിയാതെ അന്ധരും ബധിരരുമായിപ്പോയ ഭരണകൂടങ്ങൾക്ക് മുന്നിൽ തമിഴ്‌നാട്ടിലെ നിസ്സഹായരായ കർഷകർ ആരുമല്ല. നവ ലിബറലിസത്തിന്റെ നാളങ്ങൾ മാത്രം കാണാൻ കഴിയുന്ന ഭരണകേന്ദ്രങ്ങൾക്ക് കലപ്പയേന്തിയ കർഷകൻ ഭൂതകാലത്തിന്റെ നിഴൽചിത്രം മാത്രം.

Latest News