തിരുവനന്തപുരം- കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന പ്രസംഗം. പതാക ഉയര്‍ത്തിയ ശേഷം മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് ഗവര്‍ണര്‍ പ്രശംസ ചൊരിഞ്ഞത്.
കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച നേതൃത്വം നല്‍കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസനത്തിലും നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിലും കേരളം മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം മേഖലകളില്‍ കേരളത്തിന്റെ ഉന്നമനം ശ്ലാഘനീയമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോക കേരളസഭയെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.
പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ഗവര്‍ണര്‍ പരോക്ഷമായി പരാമര്‍ശിച്ചു. പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗത്തിന് ഇന്ത്യ അഭയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യ. വൈവിധ്യങ്ങളെ ഇന്ത്യ എന്നും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെയോ നിറത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന സമീപനമല്ല ഇന്ത്യക്കുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാര്‍ പ്രശംസിച്ചത്.