വളാഞ്ചേരി- പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയ കേസിൽ മൂന്നു പേരെ വളാഞ്ചേരി പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. മാട്ടുമ്മൽ പാലേരികുണ്ടിൽ അലി എന്ന ഈന്തപ്പഴം അലി (36), മാട്ടുമ്മൽ മറ്റത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് എന്ന മാനുപ്പ (40), ആതവനാട് പരിധി അണ്ണത്ത് മുഹമ്മദലി എന്ന ബാവ (46) എന്നിവരെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി.മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി, കാടാമ്പുഴ, തിരൂർ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകളാണ് ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്തത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരനായ വിദ്യാർഥി മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൽപകഞ്ചേരിയിൽ മൂന്നു പേരെയും കാടാമ്പുഴയിൽ നാലു പേരെയും അറസ്റ്റ്
ചെയ്തിരുന്നു. മണ്ണാർക്കാട് സ്വദേശി ശിവദാസൻ (51), വളവന്നൂർ സ്വദേശി ഷമീർ (33), രണ്ടത്താണി സ്വദേശി അബ്ദുസമദ് (24), മാറാക്കര കല്ലാർമംഗലം സ്വദേശി മുഹമ്മദ് കോയ (28), വടക്കുമ്പുറം സ്വദേശി മൊയ്തീൻകുട്ടി (48), കാടാമ്പുഴ കടവത്തകത്ത് സ്വദേശി ലിയാഖത്ത് (27), കാടാമ്പുഴ സ്വദേശി മുഹമ്മദ് ജലീൽ (27) എന്നിവരെയാണ് സി.ഐ എം.കെ ഷാജി, കൽപകഞ്ചേരി എസ്.ഐ എസ്.കെ പ്രിയൻ, കാടാമ്പുഴ എസ്.ഐ കെ.എൻ മനോജ് എന്നിവർ അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായവരെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ.ടി ഗോപാലൻ, എ.എസ്.ഐമാരായ ജി.അനിൽകുമാർ, എൻ.ടി.ശശി, ടി.ശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ ദേവ്, എം.ജെറീഷ്, ആർ.ജെ.കൃഷ്ണപ്രസാദ്, അനീഷ് ജോൺ, പി.ടി സിന്ധു എന്നിവരുമുണ്ടായിരുന്നു. മറ്റുള്ള പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.