റിയാദ്- പ്രവാസി സാംസ്‌കാരിക വേദി ബത്ഹ, മുറബ്ബ യൂനിറ്റുകൾ സംയുക്തമായി പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. ആർട്ടിക്കിൾ 14 ഭരണഘടന പൗരനു നൽകുന്ന സംരക്ഷണങ്ങളുടെയും അവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സംജാതമാകുന്നത്. മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെതിരെ ജനാധിപത്യ രീതിയിലൂടെ പ്രതിഷേധിക്കുന്നവരെ ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ അധികാര പരിധിയിലുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി അതിക്രൂരമായി കൊന്നൊടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സാഹചര്യം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ജനാധിപത്യ മതേതര പാരമ്പര്യത്തെയും അന്തസ്സിനേയും ചോദ്യം ചെയ്യുന്ന പശ്ചാത്തലമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതിഷേധ രാവിൽ മഴവിൽ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. നിയമത്തിനെതിരെ എഴുതിയും വരച്ചും പ്രതികരിക്കാൻ പ്രത്യേകം കാൻവാസ് ഒരുക്കിയിരുന്നു.സമര പോരാളികൾക്ക് ഐക്യദാർഢ്യം, മെഴുകുതിരി വെട്ടത്തിൽ രക്തസാക്ഷികൾക്ക് മൗന പ്രാർത്ഥന,പ്രതിഷേധ പാട്ട്, പറച്ചിൽ സദസ്സിനുള്ള അവസരം,ത്രിവർണ്ണ പതാകയേന്തി പ്രതിഷേധ മുദ്രാവാക്യം, സോഷ്യൽ മീഡിയ അടയാളപ്പെടുത്തുന്ന പുതിയ ഇന്ത്യ,തുടങ്ങി വ്യത്യസ്ത പരിപാടികൾ അരങ്ങേറി.
പ്രവാസി മുറബ്ബ യൂനിറ്റ് പ്രസിഡന്റ് ഖലീൽ അബ്ദുള്ള ആമുഖം നടത്തി. പ്രതിഷേധ സായാഹ്ന സദസ്സ് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റ് മേഖല പ്രസിഡന്റ് സമീഉള്ള ഉദ്ഘാടനം ചെയ്തു. സെന്ററൽ കമ്മിറ്റി അംഗംഅജ്മൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തൗഫീഖ് റഹ്മാൻ (മേഖല സമിതി അംഗം), മുഫീദ് ആലങ്ങാടൻ (ബത്ഹ എക്‌സി: അംഗം) എന്നിവർ സംസാരിച്ചു. മീർ മേലേത്തിൽ (ബത്ഹ യൂനറ്റ് പ്രസിഡന്റ്) പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഷാനിദ് ട്രെയിനിംഗ് സെഷനിൽ സംസാരിച്ചു. നിസാർ വാണിയമ്പലം പരിപാടി നിയന്ത്രിച്ചു. ഷിഹാബ് കുണ്ടൂർ സമാപന പ്രഭാഷണം നടത്തി. ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും അഫ്‌സൽ ഹുസൈൻ നന്ദിയും പറഞ്ഞു.