റിയാദ് - റെന്റ് എ കാർ സ്ഥാപനങ്ങൾ വഴി ഒമ്പതു സീറ്റുകളുള്ള കാറുകൾ വാടകക്ക് നൽകുന്നതിന് പൊതുഗതാഗത അതോറിറ്റി അനുമതി നൽകി. ഇതുവരെ എട്ടു സീറ്റുകൾ വരെയുള്ള കാറുകൾക്ക് മാത്രമായിരുന്നു അനുമതി. പരിഷ്‌കരിച്ച റെന്റ് എ കാർ നിയമാവലി അനുസരിച്ച് നിരവധി പുതിയ ചെലവുകൾ വഹിക്കാൻ വാടകക്കാർ നിർബന്ധിതരാണ്. കരാറിൽ അനുശാസിക്കുന്ന നിശ്ചിത ദൂരം പിന്നിടുന്ന പക്ഷം എൻജിൻ ഓയിൽ വാടകക്കാർ മാറ്റുകയോ ഇതിനുള്ള ചെലവ് വഹിക്കുകയോ ചെയ്യണം. വാടകക്കാലത്ത് കാറിലെ ടയറുകളിൽ കാറ്റ് നിറക്കുന്നതിനുള്ള ചെലവും വാടകക്കാർ വഹിക്കണം. മോശം രീതിയിൽ ഉപയോഗിക്കുന്നതു മൂലം കാറുകൾക്ക് നേരിടുന്ന കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവുകളും വാടകക്കാർക്കാണ്.
അകവും പുറവും വൃത്തിയാക്കിയാണ് കാറുകൾ വാടകക്കാർ തിരിച്ചേൽപിക്കേണ്ടത്. വാടകക്കാലത്ത് കാറിലുണ്ടാകുന്ന ഏതു സാങ്കേതിക തകരാറിനെ കുറിച്ചും ഏതു കാരണത്തിന്റെ പേരിലും ബന്ധപ്പെട്ട വകുപ്പുകൾ കാറുകൾ കസ്റ്റഡിയിലെടുക്കുന്നതിനെ കുറിച്ചും റെന്റ് എ കാർ സ്ഥാപനത്തെ വാടകക്കാർ അറിയിക്കണം. അപകടങ്ങളിൽ പെടുകയോ മോഷണം പോവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ അതേക്കുറിച്ച് സുരക്ഷാ വകുപ്പുകളെ ഉടൻ അറിയിക്കുന്നതിനും വാടകക്കാർ ബാധ്യസ്ഥരാണ്. എൻജിനോ മറ്റു ഭാഗങ്ങൾക്കോ കേടുപാടുകൾ സംഭവിക്കുന്നതിലേക്ക് നയിക്കുന്ന നിലയിൽ കാറുകൾ വാടകക്കാർ ഉപയോഗിക്കുന്നതും നിയമവിധേയമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും പരിഷ്‌കരിച്ച നിയമാവലി വിലക്കുന്നു.