Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത് -സൗദി അറേബ്യ

റിയാദ് - കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ദാവോസ് ലോക സാമ്പത്തിക ഫോറത്തിലാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം തന്നെ ക്രൂഡ് ഓയിലും ഗ്യാസും ലോകത്തിന് സൗദി അറേബ്യ ലഭ്യമാക്കും. 
ലോകത്ത് ഊർജ ലഭ്യതാ സുരക്ഷക്ക് വിശ്വസിക്കാവുന്ന ഉറവിടമായി തുടരുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ഊർജ സുരക്ഷയുമായി കൂട്ടിക്കലർത്തുന്നത് മോശം കാര്യമാണ്. സർക്കുലർ കാർബൺ ഇക്കോണമി എന്ന ആശയം സൗദി അറേബ്യ വികസിപ്പിച്ചിട്ടുണ്ട്. സൗദി അറാംകോയിൽ കാർബൺ വേർതിരിക്കുന്നതിനുള്ള മുൻനിര പദ്ധതിയാണിത്. ശുദ്ധമായ ഊർജത്തിലേക്ക് പരിവർത്തിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ച് ദാവോസ് ഫോറത്തിൽ മുന്നോട്ടുവെച്ച എല്ലാ ആശയങ്ങളും കാർബൺ കുറഞ്ഞ സർക്കുലർ ഇക്കോണമി പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കുന്നുണ്ട്. 


കാർബൺ മാനേജ്‌മെന്റിന് ബൃഹദ് പദ്ധതി സൗദി അറാംകോ നടപ്പാക്കുന്നുണ്ട്. ഈ പരിവർത്തനത്തിൽ മുൻനിരയിലാണ് എന്നതിൽ സൗദി അറേബ്യ അഭിമാനിക്കുന്നു. ജി-20 ഉച്ചകോടിയിൽ സർക്കുലർ കാർബൺ ഇക്കോണമി പദ്ധതിയും ഒരു ലക്ഷം കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയും സൗദി അറേബ്യ മുന്നോട്ടുവെക്കും. ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവേകത്തോടെയും യുക്തിസഹമായും അഭിപ്രായങ്ങൾ പ്രകടിപ്പിക്കണം. രണ്ടു വർഷത്തിനു ശേഷം എണ്ണ ഉപഭോഗം പൂർണമായും നിർത്തിവെക്കണമെന്നും 2030 ഓടെ ഗ്യാസ് ഉപയോഗം കുറക്കണമെന്നുമുള്ള നിർദേശങ്ങൾ ചിലർ മുന്നോട്ടു വെക്കുന്നുണ്ട്. 


ഊർജവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായ മേഖലകളിലും കെട്ടിടങ്ങളും നിർമാണ മേഖലയും അടക്കം ഊർജവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു മേഖലകളിലും വാതക ബഹിർഗമനം കുറക്കുന്നതിന് ശ്രമിക്കണം. വാതക ബഹിർഗമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പായി വാതക ബഹിർഗമന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിൽ സമഗ്ര കാഴ്ചപ്പാട് രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സൗദി അറേബ്യ നടത്തുന്ന വലിയ ശ്രമങ്ങൾ നേരിട്ട് വീക്ഷിക്കുന്നതിന് ലോകത്തെ എണ്ണ മന്ത്രിമാരും എണ്ണ കമ്പനി സി.ഇ.ഒമാരും സൗദി അറേബ്യ സന്ദർശിക്കണം. ലോകത്ത് മറ്റൊരു കമ്പനിയും കൈവരിക്കാത്ത നേട്ടങ്ങൾ സൗദി അറാംകോ കൈവരിച്ചതായി മനസ്സിലാക്കിയാകും എല്ലാവരും സൗദിയിൽ നിന്ന് മടങ്ങുക എന്ന കാര്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. 


വാതക ബഹിർഗമനം കുറക്കുന്നതിന് സൗദി അറേബ്യ നടത്തുന്നതിന് സമാനമായ ശ്രമങ്ങൾ നടത്തുന്ന മറ്റു രാജ്യങ്ങളെയും എണ്ണ കമ്പനികളുമുണ്ടോയെന്ന് വെല്ലുവിളിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഇന്ധനമാണ് സൗദിയിൽ വാഹനങ്ങൾക്ക് നൽകുന്നത്. ഊർജ കാര്യക്ഷമത ഉയർത്തി ഉപഭോഗം കുറച്ചിട്ടുമുണ്ട്. എണ്ണയുൽപാദന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ രാജ്യമാണ് സൗദി അറേബ്യ. 


ലോകത്തെ ഇരുപതു രാജ്യങ്ങളിലെ നൂറിലേറെ എണ്ണക്കിണറുകളിൽ നിന്നുള്ള ക്രൂഡ് ഓയിലുകൾ പരിശോധനാ വിധേയമാക്കി നടത്തിയ പഠനത്തിൽ നിന്ന് കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയിൽ സൗദിയിൽ ഉൽപാദിപ്പിക്കുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. ക്രൂഡ് ഓയിലിൽ നിന്നും ഉപോൽപന്നങ്ങളിൽ നിന്നും ആഗോള താപനത്തിന് ഇടയാക്കുന്ന വാതക ബഹിർഗമനം കുറക്കുന്നതിന് ലക്ഷ്യമിട്ട് നിക്ഷേപങ്ങൾ നടത്തുന്നത് സൗദി അറാംകോ തുടരുകയാണ്. ഇതിന്റെ ഫലം ഉൽപാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലഭിക്കുമെന്നും സൗദി ഊർജ മന്ത്രി പറഞ്ഞു. 


ലോകത്തെ ഏറ്റവും വലിയ സൗരോർജ, പുനരുപയോഗ ഊർജ ഉൽപാദക രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറും. 2030 ഓടെ ആണവോർജം ഉപയോഗിക്കുന്നതിനുള്ള ശേഷിയും രാജ്യം ആർജിക്കും. ഊർജോൽപാദനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് അവസരമുണ്ടാകുന്നതിനു വേണ്ടിയാണ് ആണവോർജം ഉപയോഗിക്കുന്നത്. സൗരോർജ, പുനരുപയോഗ ഊർജ മേഖലയിൽ ലോകത്തിന്റെ ഉച്ചിയിൽ സൗദി അറേബ്യയെ എത്തിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. 2030 ൽ സൗദി അറേബ്യയുടെ വ്യത്യസ്തമായ മുഖം ലോകത്തിനു കാണാൻ കഴിയുമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

 

Latest News