മസ്‌കത്ത്- ഇ-വിസ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കമ്പനികളോടും സ്ഥാപനങ്ങളോടും അടുത്തുള്ള പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അഭ്യര്‍ഥിച്ചു.
ഇ-വിസ സമ്പ്രദായത്തില്‍, തൊഴില്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളിലെ പി.ആര്‍.ഒമാരോ അംഗീകൃത ഉദ്യോഗസ്ഥരോ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പകരം, അവരുടെ സ്ഥാപനങ്ങള്‍ ഇ-വിസ സമ്പ്രദായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വിസയുടെ ഔപചാരികതകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും- ആര്‍.ഒ.പി പറഞ്ഞു.
ദേശീയ ഇ-ഗവേണന്‍സ് നയത്തിന് കീഴില്‍, പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സമയവും പരിശ്രമവും ലാഭിക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ ഇലക്ട്രോണിക് വിസ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഇ-വിസ സമ്പ്രദായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് വിസകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുമെങ്കിലും, പഴയ സിസ്റ്റത്തില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്‍സിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിച്ച് വാണിജ്യ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണം.