കൊണ്ടോട്ടി- അനർഹമായി സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സർക്കാർ, അർധസർക്കാർ ജീവനക്കാരിൽനിന്ന് തുക മുഴുവൻ ശമ്പളത്തിൽനിന്ന് തിരിച്ചു പിടിക്കുന്നു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സർവീസ് പെൻഷൻ വാങ്ങുന്നവർ, കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ തുടങ്ങിയവർ അനർഹമായി സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പെൻഷൻ കൈപ്പറ്റുന്നവർ ഉദ്യോഗസ്ഥരാണെങ്കിൽ അവരുടെ ശമ്പളത്തിൽനിന്നും, പെൻഷൻ വാങ്ങുന്നവരാണെങ്കിൽ പെൻഷൻ തുകയിൽനിന്നും തിരിച്ചുപിടിക്കാനാണ് നിർദേശം. ഇത്തരത്തിലുള്ളവർ സ്വന്തം നിലയിൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് പെൻഷൻ റദ്ദാക്കണമെന്നും വകുപ്പ് മേധാവികൾ മുഖേന അറിയിക്കും. ഇവർ അനർഹമായി കൈപ്പറ്റിയ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തിരച്ചടക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സേവന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും.
സർക്കാർ സർവീസിലിരിക്കെ തന്നെ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരുടെ പെൻഷൻ അടക്കം കൈപ്പറ്റുന്നവർ നിരവധിയുണ്ട്. ജീവനക്കാർക്ക് പുറമെ നിലവിൽ ഉയർന്ന പെൻഷൻ വാങ്ങുന്നവരും ഇത്തരത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2000 രൂപയിൽ താഴെ പെൻഷൻ കൈപ്പറ്റുന്ന എക്‌സ്‌ഗ്രേഷ്യാ കുടുംബങ്ങൾക്ക് മാത്രമാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുള്ളത്.
സർക്കാർ ജീവനക്കാരും, സർവീസ് പെൻഷൻ കൈപ്പറ്റുന്നവരും അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയ കാലം മുതലുള്ള മുഴുവൻ തുകയുമാണ് തിരിച്ചടക്കേണ്ടത്. ഇത്തരത്തിലുള്ളവർ സ്വന്തം തിരിച്ചടക്കാത്ത പക്ഷം ഈ തുക സംബന്ധിച്ച് ഇവർ ജോലി ചെയ്യുന്ന സ്ഥാപന മേധാവിയെ അറിയിക്കും. ഇവരിൽനിന്ന് തിരിച്ചുപിടിക്കാനുള്ള തുക സ്പാർക്ക് മുഖേന ശമ്പളത്തിൽനിന്ന് കുറവ് വരുത്തി സർക്കാറിലേക്ക് തിരിച്ചടക്കും. ഇതിനായി ഡ്രായിംഗ് ആന്റ് ഡിസോഴ്‌സിംഗ് ഓഫീസറെ ചുമതലപ്പെടുത്തി. സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരാണ് പെൻഷൻ കൈപ്പറ്റുന്നവരെങ്കിൽ തുക ട്രഷറി ഡയറക്ടർ മുഖേന തിരിച്ചെടുക്കും. തുക തിരിച്ചടക്കാതെ വീണ്ടും പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവർക്കെതിരെ നടപടികളുമുണ്ടാകും.