Sorry, you need to enable JavaScript to visit this website.

ഇനി എല്ലാവരും പോലീസിന്റെ കാമറ കണ്ണിൽ

പോലീസ് വാഹനങ്ങളിൽ വെഹിക്കിൾ മൗണ്ടഡ് കാമറകൾ ഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിർവഹിക്കുന്നു. 

പത്തനംതിട്ട - ഇനി പോലീസ് വാഹനം നിർത്തിയിടുമ്പോഴും ഓടിപോകുമ്പോഴും എല്ലാവരും കാമറ കണ്ണിൽ. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെയുള്ള എല്ലാ പോലീസ് വാഹനങ്ങളിലും വെഹിക്കിൾ മൗണ്ടഡ് കാമറകൾ ഘടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി, ജില്ലയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർ തുടങ്ങിയ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കൺട്രോൾ റൂം, ഹൈവേ പട്രോൾ വാഹനങ്ങളിലും ഇത്തരം കാമറകൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 


ജില്ലാ പോലീസിന്റെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന വാഹനപരിശോധന ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുന്നതിനും, ക്രമസമാധാന പ്രശ്‌നങ്ങൾ, സമരങ്ങൾ, പ്രക്ഷോഭങ്ങൾ തുടങ്ങിയവ കൃത്യമായി പകർത്തുന്നതിനും പ്രകടനങ്ങൾക്കിടയിലും മറ്റും പോലീസ് വാഹനങ്ങളും, പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപെടുകയും പൊതു മുതലുകൾ നശിപ്പിക്കപെടുകയും ചെയ്യുന്നത് വ്യക്തമായി ചിത്രീകരിച്ച് തെളിവുകൾ ശേഖരിക്കുന്നതിനും അതുവഴി കുറ്റവാളികളെ കൃത്യമായി കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിന്റെ വിവിധ പ്രവർത്തനങ്ങളിലും ഇടപെടലുകളിലും ജനങ്ങൾക്ക് അനുഗുണമാകും വിധമുള്ള സുതാര്യതയും സ്വീകാര്യതയും പുതിയ പദ്ധതിയുടെ നേട്ടങ്ങളാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്.ശിവദാസ്, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ് എന്നിവർ പങ്കെടുത്തു. 

Latest News