തുറൈഫ് - കടുത്ത ശൈത്യം അനുഭവപ്പെടുന്ന തുറൈഫിൽ ഇന്നലെ നിലയ്ക്കാത്ത മഴയും കാറ്റും അനുഭവപ്പെട്ടു. വെള്ളിയാഴ്ച പൊതു അവധി ആയതിനാൽ ഉച്ച വരെ ജനങ്ങളാരും പുറത്തിറങ്ങിയില്ല. ദമാം, അൽകോബാർ ഉൾപ്പെടെ സൗദിയുടെ മിക്ക ഭാഗങ്ങളിലും മണിക്കൂറുകളോളം മഴ നിന്നു പെയ്യുന്നുണ്ട്. കൊടും തണുപ്പും തുടരുന്നു.
തുറൈഫിൽ താപനില താഴ്ന്നു പൂജ്യത്തിന് താഴെയായി. കൂടാതെ മഴ മണിക്കൂറുകളായി തുടർന്നു. കാലത്ത് ആറുമണി മുതൽ ആരംഭിച്ച മഴ രണ്ടു മണിവരെ നീണ്ടുനിന്നു. പലയിടങ്ങളിലും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ചിലയിടങ്ങളിൽ ഐസ് പാകിയ അവസ്ഥയാണ്. തണുപ്പ് കഠിനമാക്കുന്ന കാറ്റും വീശുന്നു. കടുത്ത തണുപ്പാണ് തുറൈഫിൽ അനുഭവപ്പെടുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ജനങ്ങളധികവും ഫഌറ്റുകളിലും താമസ സ്ഥലങ്ങളിലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂടുകയാണ്. അപൂർവം കടകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നു.
വെള്ളിയാഴ്ച ആയതിനാൽ സാധാരണക്കാരായ മിക്ക പ്രവാസികൾക്കും ജോലി അവധിയാണ്. പനിയും ജലദോഷവും കഫക്കെട്ടും വന്ന് നിരവധിയാളുകൾ ആശുപത്രികളിലും എത്തുന്നു.