Sorry, you need to enable JavaScript to visit this website.

അധ്യാപികയുടെ കൊലക്കു പിന്നില്‍ ഏഴ് വര്‍ഷത്തെ പ്രണയം പൊളിഞ്ഞതിന്റെ പക

കാസര്‍കോട്- മഞ്ചേശ്വരത്ത് അധ്യാപികയായ രൂപശ്രീയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതി  വെങ്കിട്ട രമണയുടെ ഏഴ് വര്‍ഷം നീണ്ട പ്രണയം പൊളിഞ്ഞതിന്റെ പകയാണെന്നു ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാറും സംഘവും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌കൂളിലെ പ്രദര്‍ശന മത്സരങ്ങളില്‍ മോഡലിംഗ് ഉണ്ടാക്കിയതിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. ഈ മോഡലിംഗ്  ഉണ്ടാക്കാന്‍ അധ്യാപികയെ സഹായിച്ചത് ചിത്രകലാ അധ്യാപകന്‍ ആയ വെങ്കിട്ട രമണ ആയിരുന്നു. അതിനുള്ള ഉപകാരസ്മരണയില്‍ നിന്നാണ് അധ്യാപിക വെങ്കട്ട രമണയോട് അടുത്തത്.
ഈ സൗഹൃദം പിന്നീട് പ്രണയബന്ധമായി വളരുകയായിരുന്നു. 2003 ലാണ് വെങ്കട്ട രമണ ഈ സ്‌കൂളില്‍ ചിത്രകലാ അധ്യാപകന്‍ ആയി ചേര്‍ന്നത്. രൂപശ്രീ ചരിത്ര അധ്യാപികയായി 2014 ലും സ്‌കൂളിലെത്തി. പൂജയും മന്ത്രവാദവും നടത്തി സാമ്പത്തികമായി നല്ല ശേഷിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ രൂപശ്രീയെ പണം കൊണ്ട് ധാരാളമായി സഹായിച്ചിരുന്നു. ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണകളായി ലക്ഷങ്ങളോളവും വെങ്കട്ട രമണ,  അധ്യാപികയെ സഹായിച്ചിരുന്നു. ഇതിനിടയിലാണ് മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ട രമണ സംശയിച്ചു തുടങ്ങിയത്. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ അധ്യാപകന്‍, രൂപശ്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ മോശം ബന്ധമൊന്നും ഇല്ലെന്നും ഒഴിവാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രൂപശ്രീ അധ്യാപകനെ അറിയിച്ചതോടെ ഇയാള്‍ക്ക് ദേഷ്യമായി.


അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ അറസ്റ്റില്‍


ഇരുവരും തമ്മിലുള്ള അകല്‍ച്ചയും വര്‍ധിച്ചു. ഇതിനിടയില്‍ ഒരു തവണ അധ്യാപകന്‍ വാശിപിടിച്ചപ്പോള്‍ 'എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ..' എന്ന് രൂപശ്രീ പറയുകയുണ്ടായി. എനിക്ക് കുടുംബം ഉള്ളത് നിനക്കറിയില്ലേ കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ല എന്നും വെങ്കിട്ട രമണ ടീച്ചറോട് പറഞ്ഞു. അവധിയെടുത്ത് ജനുവരി 14 ന് വെങ്കിട്ട രമണയും ഡ്രൈവര്‍ നിരഞ്ജനനും കര്‍ണാടകയിലേക്ക് പൂജ നടത്താന്‍ പോയി. യാത്രയില്‍ അധ്യാപിക മറ്റൊരു ബന്ധത്തില്‍ കുടുങ്ങിയ കാര്യം വെങ്കിട്ടരമണ നിരഞ്ജനനോട് പറഞ്ഞു. അത് കേട്ട ഡ്രൈവര്‍ സംഗതി ശരിയാകില്ല അനുസരിക്കുന്നില്ലെങ്കില്‍ തട്ടിക്കളയാം എന്നും വെങ്കിട്ടരമണനെ അറിയിക്കുകയായിരുന്നു. ഈ മന്ത്രവാദ യാത്രയിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. 16 ന് രാവിലെ തിരിച്ചെത്തിയ അധ്യാപകന്‍, രൂപശ്രീയെ സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഉപ്പളയില്‍നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങി ഹൊസങ്കടി ടൗണില്‍ ഇരുവരുംകൂടി കാണുകയും സ്‌കൂട്ടര്‍ വഴിവക്കില്‍ വെച്ച് അധ്യാപിക വെങ്കട്ട രമണയുടെ കാറില്‍ കയറിയാണ് വീട്ടിലെത്തിയത്. അവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അധ്യാപകനും സഹായിയും ചേര്‍ന്ന് അധ്യാപികയെ ബലമായി പിടിച്ച് 250 ലിറ്റര്‍ കൊള്ളുന്ന ഡ്രമ്മില്‍ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് ഇരുവരെയും കാസര്‍കോട് കൊണ്ടുവന്ന് നിരന്തരം ചോദ്യം ചെയ്തു. അതീവ രഹസ്യമായി നടത്തിയ ഈ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി ഇരുവരും നല്‍കിയ മൊഴിയാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്.

 

Latest News