ജനുവരി 9 പ്രവാസി ഭാരതീയ ദിനം
ഒരു കാലത്ത് മലയാളികൾക്ക് ഭൂമിയിലെ സ്വർഗമായിരുന്നു ഗൾഫ് രാജ്യങ്ങൾ. ഗൾഫിൽ നിന്നുള്ള സമ്പത്തും സൗഭാഗ്യങ്ങളും കൊണ്ട് കേരളത്തിന്റെ പല മേഖലകളിലും അഭൂതപൂർവ്വമായ മാറ്റങ്ങളാണ് കൈവന്നത്. മലയാളിയുടെ ജീവിത രീതി തന്നെ ഗൾഫ് പണം മാറ്റിമറിച്ചു.
ഗൾഫ് പണത്തിന്റെ ധാരാളിത്തം വലിയ വീടുകളും കാറും മറ്റുമായി ആഡംബരപൂർണമായ ഒരു ജീവിതം മലയാളിക്കു സമ്മാനിച്ചു എന്നു തന്നെ പറയാം. പത്തിരുപത് വർഷം മുമ്പ് ഗൾഫ് മലയാളികൾ സമൂഹത്തിലെ ഏറ്റവും വിലപിടിച്ച വിഭാഗമായിരുന്നു. അവന്റെ മോടിയിലും പണക്കൊഴുപ്പിലും സമൂഹത്തിന്റെ കണ്ണ് മഞ്ഞളിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോഗ സംസ്കാരം വേരുകളാഴ്ത്തിയ സംസ്ഥാനമായിരുന്നു കേരളം എന്നതൊരു യാഥാർത്ഥ്യമാണ്. ഇതിന് വലിയൊരളവോളം കാരണം ഗൾഫ് പണം തന്നെ. ആധുനിക സുഖസൗകര്യങ്ങളോടെയുള്ള ആഡംബര ജീവിതം വ്യാപകമാക്കിയത് ഗൾഫ് പണത്തിന്റെ വരവോടുകൂടിയാണ്. മറ്റു വിഭാഗങ്ങളും ക്രമേണ ഇതനുസരിച്ച് ജീവിതശൈലി മാറ്റാൻ തുടങ്ങി. സാധാരണക്കാർ ഗൾഫുകാരനൊപ്പമെത്താൻ ഏറെ പ്രയാസപ്പെട്ടു. ഒരുതരം സാമൂഹ്യ അസമത്വം ഈ മേഖലകളിൽ രൂപപ്പെട്ടു.
ഗൾഫിൽനിന്നും കേരളത്തിലേക്കൊഴുകിയ പണം ഉൽപാദനപരമായ ഏതെങ്കിലും കാര്യങ്ങൾക്കു വേണ്ടിയല്ല ഏറിയ പങ്കും ചെലവഴിച്ചത് എന്നു കാണാം. ഒരു ഫലവും തിരിച്ചു തരാത്ത കോൺക്രീറ്റ് കാടുകൾ പെരുകി എന്നതാണ് പ്രധാന ഗുണം. ഏതെങ്കിലും തരത്തിൽ കേന്ദ്രീകരിച്ച് വ്യവസായ രംഗത്തോ മറ്റു വികസന മേഖലകളിലോ ചെലവഴിക്കേണ്ടതാണെന്ന് സാമ്പത്തിക വിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. നൂറുകണക്കിന് മലയാളികൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് കേരളത്തെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവർക്ക് കേരളത്തിൽ തൊഴിൽ സാധ്യതകൾ ഇല്ലെന്നത് ഒരു നഗ്നസത്യമാണ്. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുകയാണെങ്കിൽ കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാർ സ്വയം തൊഴിൽ എന്ന പേരിൽ ലോണെടുത്തും മറ്റും ആരംഭിച്ച അനവധി തകർന്ന സംരംഭങ്ങളുടെ കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.
പഴങ്ങളും പച്ചക്കറികളും കോഴിമുട്ട പോലും കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ കമ്മ്യൂണിസ്റ്റ് ചൈനയിൽ നിന്നുമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന തരത്തിൽ ഉപ്പു തൊട്ട് കർപ്പൂരം വരെ വിലക്കുറവിൽ വന്നിറങ്ങിയിരിക്കുന്നത്. ഈയൊരു സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ തന്നെയുള്ള ലക്ഷക്കണക്കിന് തൊഴിൽരഹിതരുടെ ഇടയിലേക്ക് ഗൾഫിൽ നിന്നും മടങ്ങിയെത്തുന്നവർ കൂടിയാലുള്ള അവസ്ഥ ഭയാനകമായിരിക്കും.
ഭൂരിഭാഗം ഗൾഫ് മലയാളികൾക്കും നാട്ടിൽ വീടുകളും സൗകര്യങ്ങളും ഉണ്ടെന്നല്ലാതെ കാര്യമായ സാമ്പത്തിക നീക്കിയിരിപ്പ് ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. ആ നിലക്ക് നാട്ടിലേക്ക് പോകാനാവാതെ ഗൾഫിൽ തന്നെ തുച്ഛമായ വേതനത്തിന് പിടിച്ചുനിൽക്കുന്നവരും നിരവധിയാണ്. ഒരു കാലത്ത് ധാരാളിത്തത്തോടെ കഴിയുകയും ഗൾഫിൽനിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ഗൾഫുകാരുടെ മക്കളും ബന്ധുക്കളും കടുത്ത സാമ്പത്തിക സംഘർഷമനുഭവിക്കുന്ന അവസ്ഥയുമുണ്ട്.
ഈ സാഹചര്യത്തിൽ പ്രവാസികൾ ചിലരെങ്കിലും അനുവർത്തിച്ചു വരുന്ന ഒരു മഹാ വിപത്താണ് ആത്മഹത്യ. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാർഗ്ഗമല്ല. സാമ്പത്തിക പിരിമുറുക്കവും മാനസിക അസ്വാസ്ഥ്യവും പലപ്പോഴും പ്രവാസികളിൽ ചിലരെയെങ്കിലും ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വിവരണാതീതമാണ്. ഒരു ആത്മഹത്യയിലൂടെ അവന്റെ കുടുംബത്തിന്, ഭാര്യക്ക്, മക്കൾക്ക് ഉണ്ടായേക്കാവുന്ന മാനസിക അസ്വാസ്ഥ്യം ആരും ചിന്തിക്കാറില്ല. കെട്ടുതാലി വിറ്റും താമസിക്കുന്ന കൊച്ചു വീട് പണയപ്പെടുത്തിയുമൊക്കെയാണ് പലരും മണലാരണ്യത്തിൽ എത്തിപ്പെട്ടതെങ്കിലും നേരായ മാർഗ്ഗത്തിൽ യഥാവിധി ജീവിക്കുകയാണെങ്കിൽ പ്രവാസിക്ക് സ്വയം ജീവിക്കുവാനും കുടുംബത്തെ പോറ്റാനും നാലുകാശ് സമ്പാദിക്കാനും സാധ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ അവരുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതിരിക്കുമ്പോൾ പെട്ടെന്ന് സംഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ പരിണതഫലമാണ് ആത്മഹത്യ. ഇത്തരക്കാരെ കണ്ടെത്താനും അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുവാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവരെ സഹായിക്കാനും സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണം. അല്ലാതെ ആത്മഹത്യ ചെയ്തതിനുശേഷം അവരുടെ കുടുംബത്തെ സഹായിക്കുന്ന രീതി ശരിയല്ല.
ഇക്കാര്യത്തിൽ ഗൾഫിലെ പ്രവാസികളുടെ സംഘടനകൾക്ക് പലതും ചെയ്യാൻ സാധിക്കുമെന്ന വിശ്വാസവും ഉണ്ട്. പക്ഷേ പ്രയാസങ്ങളും കഷ്ടതകളും അനുഭവിക്കുന്ന വ്യക്തികൾ ഇത്തരം സന്നദ്ധ സംഘടനകളോട് പ്രശ്നങ്ങൾ തുറന്നു പറയാൻ മുന്നോട്ടു വരണം. അല്ലാതെ പൊടുന്നനെ ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ഭീരുത്വമാണ്. ജീവിക്കാനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നത് പുരുഷവർഗ്ഗത്തിന് ചേർന്നതല്ല. മാർഗ്ഗങ്ങൾ സ്വയം കണ്ടെത്താൻ കെൽപില്ലാത്തവർ അവരുടെ പ്രയാസങ്ങൾ പുറംലോകത്ത് അറിയിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് എന്താണ്. ആരെങ്കിലും ഏതെങ്കിലും വിധത്തിൽ സഹായിക്കുവാൻ രംഗത്തു വരികയാണെങ്കിൽ രക്ഷപ്പെടുന്നത് ഒരു കുടുംബത്തിന്റെ കെട്ടുറപ്പാണ്.
ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളുടെ പ്രശ്നങ്ങൾ നിരവധിയാണ്. അവയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മാറിമാറി വരുന്ന സർക്കാരുകൾ പറഞ്ഞുതുടങ്ങിയിട്ട് വർഷങ്ങളേറെയായി. പക്ഷെ പരിഹാരങ്ങൾക്കു പകരം പ്രവാസികളെ പലവിധത്തിലും ചൂഷണം ചെയ്യുവാനും ക്രൂശിക്കാനുമുള്ള ശ്രമങ്ങളാണ് ഉത്തരവാദപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടുള്ളത്.
ഗൾഫിൽനിന്നും തിരികെ നാട്ടിലെത്തുന്നവർ കൂലിവേല ചെയ്തും ചുമടെടുത്തും ജീവിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേന്ദ്രീയ വിദ്യാലയങ്ങൾ, ഉദ്യോഗ നിയമനങ്ങൾ തുടങ്ങിയവയിലൊന്നും ഗൾഫിൽനിന്നും മടങ്ങിയെത്തുന്നവർക്ക് സ്ഥാനമില്ല.
സ്വയം തൊഴിൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയിലും പ്രവാസികൾക്ക് മുൻഗണനയില്ല. ഇതൊക്കെ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ്. ഇനിയെങ്കിലും ഇതിനൊക്കെ പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ അടിയന്തരമായും പതിയണം. അതിന് ഗൾഫിലെ നൂറുകണക്കിന് വരുന്ന സാമൂഹ്യ-സാംസ്കാരിക സംഘടനകൾ ഉണർന്നു പ്രവർത്തിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
കേരളത്തിന് വർഷങ്ങളായി വിദേശനാണ്യം നേടിക്കൊടുത്ത പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എന്തെങ്കിലും കാര്യമായി ചെയ്യുന്നുണ്ടെന്ന് പറയാനാവില്ല. ഗൾഫിൽനിന്നും തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള എന്തെങ്കിലും പദ്ധതികൾ അടിയന്തരമായും സർക്കാർ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
ഗൾഫ് പണക്കൊഴുപ്പിൽ സുഖസമൃദ്ധമായി കഴിഞ്ഞിരുന്ന കേരളത്തിലെ പല മേഖലകളിലും പുതിയ ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അധോലോക പ്രവർത്തനങ്ങളും പിടിച്ചുപറിയും കൊള്ളയും വ്യാപിക്കുന്ന കാഴ്ചയും കാണാം. ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഗൾഫ് പ്രതിസന്ധിയുടെ നാനാവശങ്ങൾ സർക്കാർ ഗൗരവത്തോടെ ചർച്ച ചെയ്ത് അടിയന്തരമായും പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.