റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ കുറ്റക്കാരനായ ഈജിപ്തുകാരനെ നാടുകടത്താൻ റിയാദ് ക്രിമിനൽ കോടതി വിധിച്ചു. റിയാദിൽ എയർ കണ്ടീഷനർ, റെഫ്രിജറേറ്റർ വർക്ക്‌ഷോപ്പ് നടത്തിയ ഈജിപ്തുകാരൻ അമീർ വജീദ് ഫത്ഹുൽ ഇലാഹ് അൽസുഹൈമിക്കാണ് ശിക്ഷ. ഈജിപ്തുകാരനു പുറമെ, രാജ്യത്തെ നിയമം ലംഘിച്ച് റിയാദിൽ സ്ഥാപനം നടത്താൻ ഒത്താശ ചെയ്തു കൊടുത്ത സൗദി പൗരൻ ഫരീദ് ബിൻ നാസിർ ബിൻ അബ്ദുറഹ്മാൻ അൽജിരൈസിക്കും കോടതി പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടണമെന്നും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. ഈജിപ്തുകാരന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.
വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിൽ സ്ഥാപനം ഈജിപ്തുകാരൻ സ്വന്തം നിലയിലാണ് നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു. ബിനാമി സ്ഥാപനത്തിന് ഈജിപ്തുകാരന്റെ രണ്ടു മക്കളുടെ പേരാണിട്ടിരുന്നത്.
ഇതും സ്ഥാപനം ബിനാമിയായി ഈജിപ്തുകാരൻ നടത്തുകയാണെന്നതിനുള്ള തെളിവായി മന്ത്രാലയം കണക്കിലെടുത്തു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് സൗദി പൗരനും ഈജിപ്തുകാരനുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.