Sorry, you need to enable JavaScript to visit this website.

ദാവോസ് ഫോറത്തിൽ പങ്കെടുക്കുന്നവർക്ക് സൗദി സന്ദർശിക്കാൻ ക്ഷണം

റിയാദ് - സൗദി അറേബ്യയിലെ പുരോഗതികളും പരിഷ്‌കരണങ്ങളും നേരിട്ട് കാണുന്നതിന് ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നവരെ സൗദി സന്ദർശനത്തിന് ആഹ്വാനം ചെയ്ത് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ജി-20 ഉച്ചകോടിയിൽ സൗദി മുൻഗണനകൾ എന്ന ശീർഷകത്തിൽ ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ സംഘടിപ്പിച്ച സെഷനിലാണ് സൗദിയിലെ എല്ലാവരെയും മന്ത്രി ക്ഷണിച്ചത്. സൗദി സന്ദർശന വിസ അഞ്ചു മിനിറ്റിനകം ലഭിക്കും. സങ്കൽപത്തെക്കാൾ ഏറെ നല്ലതാണ് നേരിട്ട് കാണുന്നത്. 
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ സംഭാവന നൽകുന്നതിന് സൗദി അറേബ്യക്ക് സാധിക്കുമെന്ന കാര്യത്തിൽ ഉത്തമ ബോധ്യമുണ്ട്. ആഗോള തലത്തിൽ ഊർജ മേഖലയിൽ ഉത്തരവാദിത്തമുള്ള രാജ്യമാണ് സൗദി അറേബ്യ. ശുദ്ധമായ ഊർജം എന്ന ആശയത്തിന് പിന്തുണ നൽകുന്നതിന് ഏതാനും ചുവടുവെപ്പുകൾ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ശുദ്ധമായ ഊർജ മേഖലക്ക് പിന്തുണ നൽകുന്നതിനുള്ള രാജ്യത്തിന്റെ ചുവടുവെപ്പിന് മികച്ച ഉദാഹരണമാണ് നിയോം പദ്ധതി. എണ്ണയുൽപാദക രാജ്യമെന്ന നിലയിൽ കാലാവസ്ഥക്ക് ഹാനികരമായ വാതക ബഹിർഗമനങ്ങൾക്ക് പോംവഴികൾ സമർപ്പിക്കാതെ നിസ്സംഗത പുലർത്താൻ സൗദി അറേബ്യക്ക് കഴിയില്ല. 


പെട്രോളിയം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് രൂപീകരിച്ച ഒപെക് പ്ലസ് അടുത്ത മാർച്ചിൽ യോഗം ചേരും. എണ്ണയുൽപാദനം കൂടുതൽ വെട്ടിക്കുറക്കുന്നത് അടക്കം എല്ലാ കാര്യങ്ങളിലും മാർച്ചിലെ യോഗം വിശകലനം ചെയ്യുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.  ആഗോള തലത്തിൽ ഉത്തരവാദിത്തവും സ്വാധീനവുമുള്ള രാജ്യമെന്ന നിലയിൽ സൗദി അറേബ്യയെ ലോകം അംഗീകരിക്കുന്നു. എണ്ണ വിപണിയുടെ ഭദ്രതയും എണ്ണ ലഭ്യതയും സൗദി അറേബ്യ ഉറപ്പുനൽകുന്നു. ഉപയോക്താക്കളുടെ ആവശ്യം സൗദി അറേബ്യ മനസ്സിലാക്കുന്നു. നിരവധി സാഹചര്യങ്ങളിൽ ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശേഷി രാജ്യം തെളിയിച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ പോംവഴികളും അന്വേഷിച്ച് കണ്ടെത്തിയല്ലാതെ ഊർജ സുരക്ഷയും ഊർജ മേഖലയിൽ സുസ്ഥിരതയും കൈവരിക്കുക സാധ്യമല്ല. 


കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന വാതക ബഹിർഗമനങ്ങളുടെ പ്രത്യാഘാതങ്ങൾ കുറക്കേണ്ടത് അനിവാര്യമാണ്. വ്യാവസായിക പരിവർത്തനത്തിൽനിന്നും എണ്ണ, ഗ്യാസ് ഉപയോഗത്തിൽ നിന്നും എണ്ണ ഉൽപാദന പ്രക്രിയയിൽ നിന്നും വാതക ബഹിർഗമനങ്ങളുണ്ട്. വാതക ബഹിർഗമനം കുറക്കുന്നതിന് കാർബൺ സർക്കുലർ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പദ്ധതി രണ്ടു മാസത്തിനുള്ളിൽ സൗദി അറേബ്യ നടപ്പാക്കി തുടങ്ങും. വാതക ബഹിർഗമനത്തിൽ ഭൂരിഭാഗവും എണ്ണയുൽപാദന പ്രക്രിയ അടക്കമുള്ള ഫോസിൽ കാർബൺ വിഭവങ്ങളിൽ നിന്നാണ്. വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന് വാതക ബഹിർമനം 30 ശതമാനത്തോളം കുറഞ്ഞ പുതിയ വിഭവങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതികളുണ്ടെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

 

Latest News