അബുദാബി- അല്‍റീം ഐലന്‍ഡ് ഉള്‍പ്പെടെ അബുദാബിയിലെ പ്രധാന സ്ഥലങ്ങളില്‍ കെട്ടിട വാടക കുറയുന്നു. സാദിയാത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, അല്‍റീഫ്, കോര്‍ണിഷ്, ഖാലിദിയ, മുഷ്‌റിഫ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും വാടക നിരക്ക് കുറഞ്ഞത്. വിവിധ സ്ഥലങ്ങളുടെ പ്രാധാന്യം അനുസരിച്ച് 5 മുതല്‍ 15 ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്. കെട്ടിട വാടക കരാര്‍ പുതുക്കുന്ന സമയത്താണ് പലരും വാടക കുറയ്ക്കുന്നത്. താമസക്കാരെ പിടിച്ചുനിര്‍ത്താനാണിതെന്ന് റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സികള്‍ പറയുന്നു.
റീം ഐലന്‍ഡ്, സാദിയാത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, കോര്‍ണിഷ്, അല്‍റീഫ്, ഖലീഫ സിറ്റി എന്നീ സ്ഥലങ്ങളിലെ താമസ കെട്ടിടങ്ങള്‍ക്കാണ് ഇപ്പോഴും ആവശ്യക്കാരുള്ളത്. ഫഌറ്റുകള്‍ക്ക് റീം ഐലന്‍ഡിലും വില്ലകള്‍ക്ക് അല്‍റീഫിലുമാണ് ആവശ്യക്കാര്‍ കൂടുതലെന്നു ഓണ്‍ലൈന്‍ പോര്‍ട്ടലായ ബയാത് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയതായി സിഇഒ ഹൈദര്‍ അലി ഖാന്‍ പറഞ്ഞു.
വാടക കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം പ്രത്യക്ഷത്തില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുമുണ്ട്. പ്രധാനമായും വില്ലകളെടുത്ത് വിവിധ കുടുംബങ്ങളെ താമസിപ്പിക്കുന്നവരാണ് വാടക കുറയ്ക്കാത്തതെന്നും താമസക്കാര്‍ ആരോപിച്ചു.