മക്കയിൽ പൊറുതിയില്ലാതെ പ്രവാചകന്റെ നിർദ്ദേശപ്രകാരം എത്യോപ്യയിൽ വന്ന മുസ്‌ലിംകൾ ജഅഫർ ബ്നു അബീ ത്വാലിബിന്റെ നേതൃത്വത്തിൽ നജ്ജാശിയുടെ സമക്ഷം ഹാജരായി. മക്കയിൽ നിന്നും വന്നവരെ ഞങ്ങൾക്ക് വിട്ടുതരണമെന്ന അഭ്യർത്ഥനയുമായി എത്തിയ ഖുറൈശി പ്രതിനിധികളായ അബ്ദുല്ലാഹിബ്നു അംറിന്റെയും അബ്ദുല്ലാഹിബ്നു റബീഅയുടെയും അഭ്യർത്ഥന നജ്ജാശി സ്വീകരിച്ചില്ല. പകരം മുസ്‌ലിംകൾക്ക് പറയാനുള്ളത് കേൾക്കട്ടെ എന്ന് അദ്ദേഹം പറയുകയും മുസ്‌ലിംകൾക്ക് പറയാനുള്ളത് ജഅഫർ ബ്നു അബീത്വാലിബ് പറഞ്ഞുതുടങ്ങുകയും ചെയ്തു. അന്ധവിശ്വാസത്തിലും അജ്ഞാനത്തിലുമായിരുന്ന അവരെ ഏകദൈവവിശ്വാസത്തിന്റെ പൊൻവെളിച്ചത്തിലൂടെ സംസ്കാരമുള്ളവരാക്കി മാറ്റിയത് മുഹമ്മദ് നബിയുടെ ഉല്ബോധനങ്ങളാണെന്ന് ജഅഫർ അദ്ദേഹത്തെ ബോധിപ്പിച്ചു.
നജ്ജാശി ജഅഫറിനോട് ചോദിച്ചു: "താങ്കൾ പറയുന്ന ദൈവദൂതനിലൂടെ അവതരിപ്പിക്കപ്പെട്ട വല്ലതും എന്നെ കേൾപ്പിക്കാമോ?" ജഅഫർ സൂറത്ത് മറിയം ഓതിക്കേൾപ്പിച്ചു. നജ്ജാശി ജഅഫറിന്റെ ശ്രവണസുന്ദരമായ ഖുർആൻ പാരായണം കേട്ടുകൊണ്ടിരുന്നു. 'കാഫ് ഹാ യാ ഐൻ സ്വാദ്' തുടങ്ങി ജഅഫർ ഈസാനബിയുടെ ജനനവും മർയമിന്റെ ചരിത്രങ്ങളും പറയുന്ന ഭാഗത്തെത്തിയപ്പോൾ നജ്ജാശിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണുനീർ താടിരോമങ്ങളിലൂടെ ഊർന്നിറങ്ങി.
"അപ്പോള്‍ മർയം കുട്ടിയുടെ നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? കുട്ടി പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്കുർകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും ധർമ്മം നല്കുനവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. അവന്‍ എന്നെ എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും ആക്കിയിരിക്കുന്നു. അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്പിിക്കപ്പെടുന്ന ദിവസവും എന്റെക മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മർയമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തർക്കിച്ചു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രെ ഇത്." ഈ വചനങ്ങളായിരുന്നു ജഅഫർ അവസാനം ഓതിവെച്ചത്. ക്രിസ്ത്യൻ സമൂഹം ഏറെ ആദരിക്കുന്ന യേശുവെ കുറിച്ചും മർയമിനെ കുറിച്ചുമുള്ള യഥാർത്ഥവും അമിതത്വം കലരാത്തതുമായ ഖുർആനിക പരാമർശങ്ങൾ നജ്ജാശിയെ അത്ഭുതപ്പെടുത്തി. അദ്ദേഹം ജഅഫറിനോട് പറഞ്ഞു: "നിങ്ങളുടെ പ്രവാചകനും ഈസായും കൊണ്ടുവന്ന കാര്യങ്ങൾ ഒരേ വിളക്കുമാടത്തിൽ നിന്നാണ്". ഖുറൈശികളുടെ പ്രതിനിധിയായി വന്ന അബ്ദുല്ലാഹിബ്നു അംറിനോട് നജ്ജാശി ഇങ്ങനെ പറഞ്ഞു: "നിങ്ങൾ രണ്ടു പേരും തിരിച്ചുപോകുക. ദൈവമാണ് സത്യം, ഇവരെ ഞാൻ ഉപേക്ഷിക്കുകയില്ല. ഇവരെ ഞാൻ നിങ്ങൾക്ക് വിട്ടുതരികയുമില്ല".
അബ്ദുല്ലാഹിബ്നു അംറും ഇബ്നു റബീഅയും തലപുകഞ്ഞാലോചിച്ചു. ഇനി എന്തുചെയ്യും. എന്തുപറഞ്ഞുകൊണ്ട് നജ്ജാശിയുടെ മനസ്സിനെ മാറ്റിയെടുക്കും. ഇബ്നു അംറ് പറഞ്ഞു: "എന്തായാലും നജ്ജാശിയുടെ മനസ്സിൽ ഇവരോട് വെറുപ്പും വിദ്വേഷവും ഞാൻ കുത്തിവെക്കും. അവരെ വേരുകൾ പോലും ഇല്ലാതാവാനുള്ള പണി ഞാനെടുക്കും". ഇതുകേട്ട കൂട്ടുകാരൻ ഇബ്നു റബീഅ പറഞ്ഞു: "ഇബ്നു അംറ്, ദയവു ചെയ്ത് അങ്ങനെ ചെയ്യരുത്. അവർ നമ്മോട് എത്ര വിയോജിച്ചാലും അവർ നമ്മുടെ ബന്ധുക്കളല്ലേ?". ഇബ്നു അംറ് പറഞ്ഞു: "നീ അടങ്ങിയിരിക്ക്, അവരുടെ കാലുകൾ വിറച്ചുപോകുന്ന തരത്തിലുള്ള ചില കാര്യങ്ങൾ ഞാൻ നജ്ജാശിയോട് പറയും. ഈസ കേവലം ഒരു അടിമയാണെന്നാണ് ഇവർ പറഞ്ഞു നടക്കുന്നത് എന്ന് ഞാൻ നജ്ജാശിയോട് പറയും".
പിറ്റേ ദിവസം അബ്ദുല്ലാഹി ബ്നു അംറ് നജ്ജാശിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു തുടങ്ങി. "ബഹുമാന്യനായ രാജാവേ, താങ്കൾ ചില കാര്യങ്ങൾ അറിയണം; ശ്രദ്ധിക്കണം. താങ്കൾ സംരക്ഷണം നൽകിയ ഈ വിഭാഗം ഈസയെ കുറിച്ച് വളരെ മോശമായ വർത്തമാനങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരെ വിളിച്ചു വരുത്തി താങ്കൾ തന്നെ അത് അന്വേഷിക്കണം".
ഇതുകേട്ട നജ്ജാശി മുസ്‌ലിം സംഘത്തെ വിളിച്ചുവരുത്തി. ഈ സന്ദർഭത്തിൽ നജ്ജാശിയുടെ മുമ്പിൽ അബ്ദുല്ലാഹിബ്നു അംറ് അഭിവാദ്യം അർപ്പിക്കുകയും സ്രാഷ്ടാംഗപ്രണാമം (സുജൂദ്) നിർവഹിക്കുകയും ചെയ്തു. ശേഷം ജഅഫർ ബ്നു അബീതാലിബ് കടന്നുവന്നപ്പോൾ അഭിവാദ്യം ചെയ്‌തെങ്കിലും രാജാവിന് സ്രാഷ്ടാംഗപ്രണാമം നടത്തിയില്ല. എന്തുകൊണ്ടാണ് സ്രാഷ്ടാംഗ പ്രണാമം ചെയ്യാതിരുന്നതെന്നു ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഞങ്ങൾ സാക്ഷാൽ ദൈവത്തിന്റെ മുമ്പിലല്ലാതെ സ്രാഷ്ടാംഗ പ്രണാമം ചെയ്യാറില്ല". എന്തുകൊണ്ടാണങ്ങനെ എന്ന് രാജാവ് ചോദിച്ചപ്പോൾ ജഅഫർ പറഞ്ഞു: "ദൈവം ഞങ്ങളിലേക്കൊരു ദൂതനെ അയക്കുകയും ദൈവത്തിനല്ലാതെ സ്രാഷ്ടാംഗപ്രണാമം നടത്താൻ പാടില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ദൈവത്തിനുവേണ്ടി നമസ്കരിക്കാനും ധർമ്മം ചെയ്യാനും ഞങ്ങൾ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു". എന്താണ് നിങ്ങൾ ഈസയെ കുറിച്ച് പറയുന്നത് എന്നു ചോദിച്ചു. ജഅഫർ മറുപടി പറഞ്ഞു: "എന്താണോ ഞങ്ങളുടെ പ്രവാചകൻ ഞങ്ങളെ പഠിപ്പിച്ചത്, അതുതന്നെയാണ് ഞങ്ങൾ പറയുന്നത്". നജ്ജാശി ചോദിച്ചു: "എന്താണ് നിങ്ങളുടെ പ്രവാചകൻ പറയുന്നത്?" ജഅഫർ പറഞ്ഞു : "ഈസ അല്ലാഹുവിന്റെ അടിമയും ദൂതനും അവനിൽ നിന്നുള്ള ആത്മാവും വിശുദ്ധ കന്യകയായ മർയമിലേക്ക് സന്നിവേശിപ്പിച്ച വചനവുമാകുന്നു". ഇതുകേട്ടപ്പോൾ നജ്ജാശി ഭൂമിയിൽ വടി കൊണ്ടൊരു വരവരച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ദൈവമാണ് സത്യം, ഈസ കൊണ്ടുവന്നതിൽ നിന്നും വ്യത്യസ്തമായ യാതൊന്നും നിങ്ങളുടെ പ്രവാചകൻ കൊണ്ടുവന്നിട്ടില്ല". നിങ്ങൾ പിരിഞ്ഞുപോകുക. നിങ്ങളീ മണ്ണിൽ സുരക്ഷിതരാണ്. നിങ്ങളെ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ അവർക്ക് ശക്തമായ ശിക്ഷയായിരിക്കും. സ്വർണ്ണമാലകൾ ലഭിച്ചാലും നിങ്ങളെ ഉപദ്രവിക്കാൻ വിട്ടുകൊടുക്കില്ല. ഇബ്നു അംറിനെയും ഇബ്നു റബീഅയെയും ചൂണ്ടിക്കൊണ്ടദ്ദേഹം പറഞ്ഞു: "ഇവർ എനിക്കായി കൊണ്ടുവന്ന പാരിതോഷികങ്ങൾ ഇവർക്ക് തന്നെ തിരിച്ചുനൽകുക. ഈ ഭൂമിയിൽ ദൈവം എനിക്ക് അധികാരം നൽകിയത് ആർക്കും പാരിതോഷികങ്ങൾ നൽകിയിട്ടല്ല".
നജ്ജാശി അവിടെ കൂടിയവരോട് പറഞ്ഞു: "ഹബ്ശയിലെ എന്റെ സഹോദരങ്ങളെ, പുരോഹിതന്മാരെ, പണ്ഡിതന്മാരെ, നാം വിശ്വസിക്കുന്നതുപോലെ ഈസയിൽ വിശ്വസിക്കുന്നവരാണിവർ. ഇവരുടെ പ്രവാചകൻ ദൈവദൂതനാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇഞ്ചീലിൽ സുവിശേഷം അറിയിക്കപ്പെട്ട പ്രവാചകനാണത്. ഞാനീ രാജാധികാരത്തിൽ ഇല്ലായിരുന്നുവെങ്കിൽ അവിടെ പോയി അദ്ദേഹത്തിന്റെ ചെരിപ്പുകൾ ഞാൻ വഹിക്കുമായിരുന്നു".
അദ്ദേഹം ഒരു തുകല്‍ കഷ്ണത്തില്‍ ”ഇവന്‍ ദൈവമല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.മുഹമ്മദ് അവന്റെ അടിമയും സന്ദേശവാഹകനുമാണ്. ഈസ അവന്റെ അടിമയും ദൈവത്തിന്റെ ദൂതനും ആത്മാവും മര്യ മിലേക്ക് സന്നിവേശിപ്പിച്ച വചനവുമാണ്.” എന്നെഴുതി മേല്‍ വസ്ത്രത്തിനുള്ളില്‍ വെച്ച് ജനങ്ങള്‍ സമ്മേളിച്ച സ്ഥലത്തേക്ക് പോയി. ഹബ്ശക്കാർ അദ്ദേഹത്തിന്റെ ചുറ്റും കൂടി ചോദിച്ചു: "താങ്കൾ ഞങ്ങളുടെ മതത്തെ ത്യജിച്ചോ? ഈസയെ കുറിച്ച് അടിമയാണെന്നാണോ താങ്കൾ വിശ്വസിക്കുന്നത്?" അദ്ദേഹം ചോദിച്ചു: "ഈസയെ കുറിച്ച് നിങ്ങൾ എന്ത് വിശ്വസിക്കുന്നു?" അവർ പറഞ്ഞു: "ദൈവപുത്രൻ". അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ ഈ എഴുതിയ ലിഖിതത്തിൽ വിശ്വസിക്കുന്നു". ഹബ്ശക്കാരും നജ്ജാശിയുടെ കൂടെ ചേർന്നു. സുരക്ഷിത താവളം തേടി ചെന്ന മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസപരമായ ആത്മാർത്ഥതയും അവരുടെ സത്യസന്ധതയും ക്ഷമയും ഒരു നാടിനെ സ്വാധീനിച്ച ചരിത്രമാണ് ഹബ്ശ നൽകുന്ന പാഠം.