ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ബി.സി.സി.ഐ നിക്കം
കേസെടുത്ത നീരജ്കുമാറിനോട് ബി.സി.സി.ഐ ഉപദേശം തേടും
മുംബൈ - ഒത്തുകളിയുടെ പേരിൽ ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ഉത്തരവിട്ട കേരളാ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ ബി.സി.സി.ഐ ഒരുങ്ങുന്നു. ഒത്തുകളിക്കാർക്കെതിരെ ഒരു അനുകമ്പയും വേണ്ടെന്ന നിലപാടിലാണ് ബി.സി.സി.ഐ. കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിൽ സ്ഥാനം നേടാൻ ശ്രമിക്കുന്ന ശ്രീശാന്തിന് കനത്ത തിരിച്ചടിയാവും ഇത്. നിയമപോരാട്ടം തീരാൻ സമയമെടുക്കും. നിയമവിഭാഗത്തോടും അഴിമതി വിരുദ്ധ യൂനിറ്റ് മേധാവി നീരജ്കുമാറിനോടും ബി.സി.സി.ഐ അഭിപ്രായം തേടിയിട്ടുണ്ട്. ശ്രീശാന്ത് പിടിക്കപ്പെടുന്നത് നീരജ്കുമാർ ദൽഹി പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ്, അന്ന് കേസ് കൈകാര്യം ചെയ്തതും അദ്ദേഹമായിരുന്നു. കേസിന് പോകേണ്ടെന്ന് അഭിപ്രായപ്പെടുന്ന ചിലർ ബി.സി.സി.ഐയിലുണ്ടെന്നും ബോർഡ് വൃത്തങ്ങൾ പറയുന്നു.
2013 മെയ് 16 ന് മുംബൈയിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം നാലു വർഷമായി കളിച്ചിട്ടില്ലാത്ത ശ്രീശാന്ത് എത്രയും പെട്ടെന്ന് തിരിച്ചെത്താനുള്ള ആവേശത്തിലാണ്. എന്നാൽ ഒത്തുകളിക്ക് വിലക്കപ്പെട്ടവരുടെ കാര്യത്തിൽ ലോകത്തെല്ലായിടത്തും അതാത് ബോർഡുകളാണ്, അല്ലാതെ കോടതികളല്ല തീരുമാനമെടുത്തതെന്ന് ബി.സി.സി.ഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ആമിറിനെ വിലക്കാൻ തീരുമാനിച്ചതും തിരിച്ചുവരാൻ അനുവദിച്ചതും പാക്കിസ്ഥാൻ ബോർഡാണ്. ഇംഗ്ലണ്ടിലെയോ പാക്കിസ്ഥാനിലെയോ കോടതികൾ അക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല -അവർ പറയുന്നു.
ഒത്തുകളി വിലക്കിൽനിന്ന് കോടതി കുറ്റവിമുക്തനാക്കിയ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന് ആനുകൂല്യങ്ങൾ തിരിച്ചു നൽകാനുള്ള കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് യോഗത്തിന്റെ നീക്കത്തെ ബുധനാഴ്ച ബി.സി.സി.ഐ ഭാരവാഹികൾ എതിർത്തിരുന്നു. ബി.സി.സി.ഐ വാർഷിക യോഗമാണ് അസ്ഹറിനെ വിലക്കിയതെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും വാർഷിക യോഗമാണെന്നും അവർ വാദിച്ചു. തുടർന്ന് തീരുമാനം നീട്ടിവെക്കുകയായിരുന്നു. അസ്ഹറിന് കുടിശ്ശിക തിരിച്ചുനൽകിയാൽ വിലക്കിൽനിന്ന് മുക്തരായ മറ്റു കളിക്കാരും ബി.സി.സി.ഐയെ സമീപിക്കുമെന്ന് ഭാരവാഹികൾ കരുതുന്നു.