Sorry, you need to enable JavaScript to visit this website.

സി.പി.എമ്മുമായി യോജിച്ച പോരാട്ടത്തിന്  ലീഗ് തയാറാകണം -ഇ. പി.ജയരാജൻ

കണ്ണൂർ-  പൗരത്വ ഭേദഗതി വിഷയത്തിൽ ഇടതുപക്ഷവുമായി യോജിച്ച പോരാട്ടത്തിന് മുസ്‌ലിം ലീഗ് തയാറാവണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. എൽ.ഡി.എഫ് വടക്കൻ മേഖലാ ജാഥയുടെ സമാപനം കണ്ണൂർ സിറ്റിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിലെ യോജിച്ച സമരത്തിന് കേരളത്തിൽ ഏറ്റവും വലിയ പാര കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രതിപക്ഷ നേതാവടക്കം സഹകരിച്ചിട്ടും മുല്ലപ്പള്ളി മാത്രമാണ് എതിർത്തത്. അതിനാൽ മത ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ലീഗ് മുന്നോട്ടു വരണം. ന്യൂനപക്ഷത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ ലീഗിന് അതിനുത്തരവാദിത്തമുണ്ട്. ലീഗില്ലെങ്കിൽ കോൺഗ്രസില്ലെന്ന് ലീഗുകാർ മനസ്സിലാക്കണം. കേരളത്തിൽ കോൺഗ്രസിന് ലീഗില്ലെങ്കിൽ ഒറ്റ സീറ്റും ലഭിക്കില്ല. എന്നാൽ ലീഗ് ഒറ്റക്കു നിന്നാൽ ചില സീറ്റുകൾ കിട്ടും. ലീഗിന്റെ ശക്തി ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുളള പോരാട്ടത്തിനായി വിനിയോഗിക്കണം. അല്ലാതെ കോൺഗ്രസിന്റെ വാലായി നടക്കരുത് -ജയരാജൻ പറഞ്ഞു.
ഗവർണർമാർ കേരളത്തിലെ മുൻ ഗവർണർ പി.സദാശിവത്തിന്റെ മാതൃകയാണ് പിന്തുടരേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ നോമിനികളായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ വിരട്ടുകയല്ല വേണ്ടത്. നിയമജ്ഞനായ സദാശിവത്തിന്റെ വിവരമൊന്നും ഭരണഘടന വ്യാഖ്യാനിക്കുന്ന ചില ഗവർണർമാർക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച എല്ലാ നിലപാടുകളും മാതൃകാപരമാണ്. ഇതാണ് മറ്റു സംസ്ഥാനങ്ങൾ പിന്തുടരുന്നത്. ഇന്ത്യയെ പോലെ മറ്റു രാജ്യങ്ങളും ഈ നിയമം നടപ്പിലാക്കിയാൽ ഗൾഫിൽ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിരിച്ചു വരേണ്ടി വരും. ഇത് ഇവിടുത്തെ സംഘ പരിവാറുകാർ ഓർക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യ സമര കാലത്ത് ജന്മികളുടെയും നാടുവാഴികളുടെയും ബ്രിട്ടീഷ് ഗവൺമെന്റിന്റെയും വക്താക്കളായിരുന്നു ആർ.എസ്.എസുകാർ. അവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയാൻ ഒരു അവകാശവുമില്ല- ജയരാജൻ പറഞ്ഞു.
 

Latest News