റിയാദ്- പൊതുമേഖലാ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വളർച്ച. കഴിഞ്ഞ വർഷം എസ്.ടി.സി ഗ്രൂപ്പ് 5,437 കോടി റിയാൽ വരുമാനം നേടി. 2018 നെ അപേക്ഷിച്ച് 4.64 ശതമാനം കൂടുതലാണിത്. കഴിഞ്ഞ കൊല്ലം കമ്പനിയുടെ ആകെ ലാഭത്തിൽ 6.35 ശതമാനം വർധനവ് രേഖപ്പെടുത്തി. 2019 ൽ കമ്പനി 3,240 കോടി റിയാൽ ലാഭം നേടി. സകാത്തും നികുതികളും മറ്റും കിഴിച്ച് കഴിഞ്ഞ വർഷം കമ്പനി ആകെ 1,075 കോടി റിയാൽ അറ്റാദായം നേടി. അറ്റാദായത്തിൽ 0.23 ശതാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നാലാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് കമ്പനി 200 കോടി റിയാൽ വിതരണം ചെയ്യും. ഓഹരിയൊന്നിന് ഒരു റിയാൽ തോതിലാണ് ലാഭം വിതരണം ചെയ്യുക.
മൊബൈൽ ഫോൺ ഉപയോക്താക്കളുടെയും ഒപ്റ്റിക്കൽ ഫൈബർ വരിക്കാരുടെയും എണ്ണം വർധിച്ചതും ഡാറ്റ മേഖലയിൽ നിന്നുള്ള വരുമാനം ഉയർന്നതുമാണ് കമ്പനിയുടെ വരുമാനം കഴിഞ്ഞ കൊല്ലം 4.6 ശതമാനം തോതിൽ ഉയരുന്നതിന് സഹായിച്ചതെന്ന് എസ്.ടി.സി ഗ്രൂപ്പ് സി.ഇ.ഒ എൻജിനീയർ നാസിർ അൽനാസിർ പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം സൗദിയിൽ മൊബൈൽ ഇന്റർനെറ്റ് വേഗം ഏറ്റവും കൂടുതൽ കൈവരിച്ചത് എസ്.ടി.സി ആണ്. മൊബൈൽ ഇന്റർനെറ്റ് മേഖലയിൽ എസ്.ടി.സി സെക്കന്റിൽ ശരാശരി 45.4 എം.ബി സ്പീഡ് കൈവരിച്ചിട്ടുണ്ട്. പശ്ചാത്തല വികസന മേഖലയിൽ തുടർച്ചയായി നടത്തുന്ന നിക്ഷേപങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കുന്നതിന് കമ്പനിക്ക് സാധിച്ചത്.
2019 ൽ 5-ജി സാങ്കേതികവിദ്യയിൽ പെട്ട 2,300 ലേറെ മൊബൈൽ ഫോൺ ടവറുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്റർനെറ്റ് വേഗത്തിൽ അനുകൂല ഫലം ചെലുത്തുന്നതിന് പുതിയ ടവർ പദ്ധതി സഹായിക്കും. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ശ്രമിച്ച് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വ്യാപിക്കുന്നതിനും കമ്പനി ശ്രമം തുടരുകയാണ്. കമ്പനി ഒപ്റ്റിക്കൽ ഫൈബർ ഉപയോക്താക്കളുടെ എണ്ണം 2019 ൽ 23 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം എസ്.ടി.സിക്കു കീഴിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്ക് ആകെ 2,17,000 കിലോമീറ്റർ നീളമുണ്ട്.