Sorry, you need to enable JavaScript to visit this website.

ഫോണ്‍ ഹാക്കിംഗില്‍ കിരീടാവകാശിക്ക് ബന്ധമുണ്ടെന്ന വാദം അസംബന്ധം- സൗദി

റിയാദ് - ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ കമ്പനി സ്ഥാപകനും പ്രസിഡന്റും ലോകത്തെ അതിസമ്പന്നനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് പങ്കുണ്ടെന്ന വാദം അസംബന്ധവും യുക്തിരഹിതവുമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് താന്‍ മനസ്സിലാക്കിയതു പ്രകാരം യഥാര്‍ഥ റിപ്പോര്‍ട്ടല്ല, മറിച്ച്, സ്വകാര്യ കമ്പനി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവന മാത്രമാണ്.
ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനി റിപ്പോര്‍ട്ടിനെയും റിപ്പോര്‍ട്ടിലെ നിഗമനത്തെയും കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. തങ്ങളുടെ വാദത്തിന് വ്യക്തമായ തെളിവില്ല എന്ന് സ്വകാര്യ കമ്പനി റിപ്പോര്‍ട്ട് തന്നെ പറയുന്നുമുണ്ട്. ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കിംഗില്‍ സൗദി അറേബ്യക്കുള്ള പങ്കിന് പിന്‍ബലം നല്‍കുന്ന തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം സംഭവത്തില്‍ സൗദി അറേബ്യ അന്വേഷണം നടത്തും. ഫോണ്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട യു.എന്‍ പ്രസ്താവന സൗദിയിലെ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും ഭീതിയുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്നും വിദേശ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ സൗദി അറേബ്യയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അസംബന്ധവും പരിഹാസ്യവുമാണെന്ന് അമേരിക്കയിലെ സൗദി എംബസി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച യാഥാര്‍ഥ്യങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതിന് വാദങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വാഷിംഗ്ടണ്‍ സൗദി എംബസി ആവശ്യപ്പെട്ടു.

 

Latest News