ദുബായ്- നേപ്പാളില്‍ ഹീറ്ററില്‍നിന്നുള്ള വാതകം ശ്വസിച്ച് രണ്ട് മലയാളി കുടുംബങ്ങള്‍ ഇല്ലാതായത് ഇങ്ങകലെ ദുബായിയേയും കണ്ണീരിലാഴ്ത്തി. ഇതിലൊരാള്‍ എന്‍ജിനീയര്‍ പ്രവീണ്‍ കൃഷ്ണന്‍ ദുബായില്‍ പ്രവാസിയായിരുന്നു. ധീരനും സത്യസന്ധനും ദയയുള്ള വ്യക്തിയും- അങ്ങനെയാണ് പ്രവീണ്‍ കൃഷ്ണനെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നത്. പ്രവീണും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് (7) എന്നിവരും മറ്റ് മൂന്ന് പേരും അവധി ആഘോഷത്തിനിടെ റിസോര്‍ട്ടില്‍ മരിച്ചത് ചൊവ്വാഴ്ചയാണ്.
അദ്ദേഹം എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു, പ്രവീണ്‍ ജോലി ചെയ്തിരുന്ന ദുബായിലെ കലണ്ടൂര്‍ കോണ്‍ട്രാക്റ്റിംഗ് എല്‍എല്‍സിയില്‍ കരാര്‍ മാനേജരായി ജോലി ചെയ്യുന്ന നിജേഷ് കുന്നുമാല്‍ പറഞ്ഞു.
എനിക്ക് അദ്ദേഹത്തെ നഷ്ടമായി. ഞങ്ങള്‍ എല്ലാവര്‍ക്കും. എനിക്ക് അദ്ദേഹത്തെ 11 വര്‍ഷമായി അറിയാം, ഞങ്ങള്‍ സഹോദരന്മാരെപ്പോലെയായിരുന്നു. ആറുവര്‍ഷത്തോളം ഞങ്ങള്‍ ഒരേ കെട്ടിടത്തില്‍ താമസിച്ചു. ഞങ്ങളുടെ കുടുംബങ്ങള്‍ അടുത്തായിരുന്നു, ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിരുന്നു. വാര്‍ത്ത കേട്ട് എന്റെ ഭാര്യ നടുങ്ങി. പ്രവീണിന്റെ കുടുംബം താല്‍ക്കാലികമായി കേരളത്തിലേക്ക് മാറിയശേഷം അദ്ദേഹം ദുബായ് സിലിക്കണ്‍ ഒയാസിസിലേക്കും തുടര്‍ന്ന് സ്‌പോര്‍ട്‌സ് സിറ്റിയിലേക്കും മാറി. റെസിഡന്‍ഷ്യല്‍ വിസ നിലനിര്‍ത്തുന്ന കുടുംബം മൂന്ന് മാസത്തിലൊരിക്കല്‍ ദുബായ് സന്ദര്‍ശിക്കാറുണ്ടായിരുന്നു.
വളരെ കൃത്യനിഷ്ഠയും സമര്‍പ്പണമുള്ള എന്‍ജിനീയറായിരുന്നു അദ്ദേഹം. ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പൂര്‍ണമായും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു- നിജേഷ് കൂട്ടിച്ചേര്‍ത്തു.
തന്റെ കീഴുദ്യോഗസ്ഥരോട് വളരെ ദയാലുവായിരുന്നു. ഒരു സഹപ്രവര്‍ത്തകന്‍ ഒരു പ്രശ്‌നവുമായി അടുത്തേക്ക് പോയാല്‍, അയാള്‍ ആത്മാര്‍ത്ഥമായി ചെവി കൊടുക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവരുടെ സ്ഥാനം പരിഗണിക്കാതെ അദ്ദേഹം അത് തന്റെ സ്വകാര്യ പ്രശ്‌നമായി ഏറ്റെടുക്കുമായിരുന്നു ”
ഇപ്പോഴും പഠിച്ചുകൊണ്ടിരുന്ന അദ്ദേഹം അടുത്തിടെ ലഖ്‌നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ദുബായില്‍ നടന്ന ക്ലാസുകളിലൂടെ ഒരു കോഴ്‌സ് പൂര്‍ത്തിയാക്കി.
പ്രോജക്ട് മാനേജരായി ചേര്‍ന്ന പ്രവീണ്‍ വൈകാതെ ഓപ്പറേഷന്‍സ് മാനേജരായി. കമ്പനി സിഇഒയുടെ തൊട്ടുതാഴെ.
പ്രവീണിനെപ്പോലുള്ളവരെ കണ്ടെത്താന്‍ പ്രയാസമാണ്. ഊര്‍ജസ്വലനായ ഒരു എന്‍ജിനീയറും മാനേജറുമായിരുന്നു അദ്ദേഹമെന്ന് തൊഴിലുടമ അനുസ്മരിച്ചു.