കൊച്ചി- മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നീ വിദ്യാർഥികളെ കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ആറു ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഇന്നു മുതലാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇരുവരും വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇന്ന് രാവിലെ 11 ന് ഇരുവരെയും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എയുടെ ആവശ്യം. എന്നാൽ ഇതിനെ പ്രതിഭാഗം അഭിഭാഷകൻ എതിർത്തു.എന്നാൽ പ്രതികളിൽ നിന്നു മാവോവാദവുമായി ബന്ധപ്പെട്ട ബുക്ക്റ്റുകളും മറ്റു പിടിച്ചെടുത്തിട്ടുള്ളതായി കോടതി നിരീക്ഷിച്ചു. ഇവ എങ്ങനെ പ്രതികളുടെ കൈവശം എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇരുവരെയും ആറു ദിവസം എൻ ഐ എ യുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. നേരത്തെ ഇരുവരെയും അടുത്ത മാസം 17 വരെ എൻ ഐ എ കോടതി റിമാന്റ് ചെയ്തിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ റിമാന്റ് ചെയ്തിരുന്നത്. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അതിനായി വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ എൻ.ഐ.എ സംഘം അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഉത്തരവുണ്ടായിരിക്കുന്നത്.
മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവിൽ പോലീസ് കസറ്റഡിയിൽ എടുക്കുന്നത്. തുടർന്ന് യു.എ.പി.എ ചുമത്തി ഇരുവരയെും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ബാഗിൽ നിന്ന് മാവോവാദി അനുകൂല ലഘുലേഖകളും വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്‌ടോപ്പും സിം കാർഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലീസ് പറഞ്ഞത്. തുടർന്ന് റിമാന്റിൽ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നൽകിയിരുന്നുവെങ്കിലും തള്ളിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം ചുമത്തിയ ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. ഡിസംബർ 20 നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.