മലപ്പുറം- രണ്ടു വർഷം മുമ്പ് കാളികാവ് മരുത സ്വദേശി മുഹമ്മദലിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേർന്ന് മദ്യത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതി പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോൻ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കൽ മരുത്താത്ത് വീട്ടിൽ ഉമ്മു സാഹിറ (42) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്ത ഉമ്മു സാഹിറയെ രണ്ട് മക്കളോടൊപ്പം റസ്‌ക്യൂ ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്. ജെയ്‌മോനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2018 സെപ്റ്റംബർ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യാ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ട് ആൺമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് മുഹമ്മദലി കുഴഞ്ഞു വീണ് മരിച്ചതായാണ് ഉമ്മുസാഹിറ പറഞ്ഞിരുന്നത്. പിറ്റേന്ന് മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി.
എന്നാൽ പിറ്റേന്ന് മുതൽ ഉമ്മുസാഹിറയെയും രണ്ട് മക്കളെയും തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ജെയ്‌മോനെയും കാണാതായി. ഇതോടെ സംശയം തോന്നിയ മുഹമ്മദലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയില്ല. എന്നാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയിരുന്നു. എട്ടു മാസം മുമ്പാണ് ഈ പരിശോധനാ ഫലം പോലീസിന് ലഭിച്ചത്. തുടർന്ന് കേസ് പോലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറി.
മുഹമ്മദലിയുടെ മരണത്തിന് ശേഷം നാട്ടിൽനിന്ന് മുങ്ങിയ ജെയ്‌മോനെയും ഉമ്മു ഹബീബയെയും കണ്ടെത്താൻ മാസങ്ങളായി അന്വേഷണ സംഘം ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെ ജെയ്‌മോൻ നാട്ടിൽ വന്നു പോകുന്നതായുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചു. ഇവർ തമിഴ്‌നാട്ടിലെ ശിവകാശിയിൽ താമസിക്കുകയാണെന്നും ജെയ്‌മോൻ അവിടെ ബനിയൻ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും കണ്ടെത്തി. പോലീസ് ശിവകാശിയിലെത്തി ഉമ്മുസാഹിറയെയും മക്കളെയും കസ്റ്റഡിയിലെടുത്തു. എന്നാൽ ജെയ്‌മോനെ കെണ്ടത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ ദിണ്ഡിഗലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അവിടെ മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചു വരികയായിരുന്നു.
ഒന്നിച്ചു ജീവിക്കാനായി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മുഹമ്മദലിക്കൊപ്പം വീടിന്റെ മുകൾ നിലയിൽ മദ്യപിച്ച ജെയ്‌മോൻ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് നൽകിയതെന്ന് വ്യക്തമായിട്ടില്ല. കുഴഞ്ഞു വീണ മുഹമ്മദലിയെ ജെയ്‌മോനും ഉമ്മു സാഹിറയും ചേർന്ന് താഴത്തെ നിലയിൽ എത്തിച്ചു. തുടർന്ന് ജെയ്‌മോൻ ഇവിടെനിന്ന് പോയി. രണ്ട് ആൺമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഉമ്മുസാഹിറ ബന്ധുക്കളെ വിളിച്ചു വരുത്തി. ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മുഹമ്മദലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്.
പിറ്റേന്ന് മുഹമ്മദാലിയുടെ മരണാനന്തര ചടങ്ങുകളിൽ ജെയ്‌മോനും പങ്കെടുത്തിരുന്നു. അടുത്ത ദിവസമാണ് ഇവർ കുട്ടികളെയും കൂട്ടി നാട്ടിൽനിന്ന് പോയത്. ജെയ്‌മോനെതിരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഇയാളെ ബലാത്സംഗക്കേസിൽ അങ്കമാലി കോടതി ശിക്ഷിച്ചിരുന്നു. ഇയാൾ കാളികാവിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പൊതുപ്രവർത്തകൻ കൂടിയായ ഇയാൾ ഇടുക്കിയിലെ ഒരു കാൻസർ രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മലബാറിലെത്തി സ്ഥിരതാമസമാക്കിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ജെയ്‌മോനെതിരെ മറ്റു കേസുകൾ നിലവിലുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും എസ്.പി പറഞ്ഞു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ.വി. അബ്ദുൽ ഖാദറിനാണ്.