തിരുവനന്തപുരം- വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ നിന്നും ചികിൽസ കിട്ടാതെ തമിഴ്‌നാട് സദേശി യുവാവ് ആംബുലൻസിൽ മരിച്ച സംഭവത്തിൽ കുടുംബത്തോട് കേരളം മാപ്പു പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിതെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബൈക്കപകടത്തില് പരിക്കേറ്റ മുരുകനെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചെങ്കിലും എവിടെനിന്നും സഹായം ലഭിച്ചില്ല. ഇതേത്തുടർന്നാണ് നാഗർകോവിൽ സ്വദേശി മുരുകൻ (37) തിങ്കളാഴ്ച രാവിലെ മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലത്ത് ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ, പിന്നാലെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
സംഭവത്തിൽ കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന,കൊല്ലം അസീസിയ, തിരുവനന്തപുരം മെഡിക്കൽ കോളജ്,തിരുവനന്തപുരം എസ്.യു.ടി എന്നീ ആശുപത്രികൾക്കെതിരെയാണ് പൊലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.