Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലെ സിവില്‍ കേസ് വിധികള്‍ ഇന്ത്യയിലും ബാധകം; നാട്ടിലേക്ക് രക്ഷപ്പെടാനാവില്ല

ദുബായ്- യു.എ.ഇ.യിലെ കോടതിവിധികള്‍ ഇനി ഇന്ത്യയിലും പ്രാബല്യത്തിലുണ്ടാവും. യു.എ.ഇയില്‍ പണമിടപാടുകള്‍ നടത്തി കേസില്‍ പെടുമ്പോള്‍ നാട്ടിലേക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നര്‍ഥം. പണമിടപാട് കേസുകളില്‍ ഉള്‍പ്പെടെ സിവില്‍ വ്യവഹാരങ്ങളില്‍  പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും. ഇതുസംബന്ധിച്ചുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

യു.എ.ഇയുടെ അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി, ഷാര്‍ജ,അജ്മാന്‍, ഉമല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍,അബുദാബി സിവില്‍ കോടതി, ദുബായ് കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, റാസല്‍ ഖൈമ കോടതി, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ കോടതികള്‍ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.

ഇന്ത്യന്‍ സിവില്‍ നടപടിച്ചട്ടം 44 എ വകുപ്പിലെ വിശദീകരണം ഒന്ന്  പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യു.എ.ഇയിലെ വിവിധ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതോടെ ബാങ്ക് ലോണ്‍ തിരിച്ചടക്കാതെയും വ്യവഹാരങ്ങള്‍ നടത്തി നാട്ടിലേക്ക് മുങ്ങിയവരേയും ഇന്ത്യയില്‍നിന്നു തന്നെ കണ്ടെത്തി ശിക്ഷിക്കാന്‍ വഴിയൊരുങ്ങും.

ഇനി മുതല്‍ യു.എ.ഇയിലെ കോടതികളുടെ ഇത്തരം വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. നേരത്തെ യു.എ.ഇ.യിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. സിവില്‍ കേസുകളില്‍ മാത്രമാണ് ഈ വിധികള്‍ ബാധകം.

 

Latest News