സൗദികളെ നിയമിക്കുന്നതിനു പകരം ലെവി അടയ്ക്കുന്ന പദ്ധതി
റിയാദ്- സൗദികളെ ജോലിക്കു വെക്കാതെ പകരം ലെവി അടച്ച് സൗദിവൽക്കരണ വ്യവസ്ഥ പാലിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്ന സമാന്തര നിതാഖാത്ത് അടുത്തമാസം മൂന്നു മുതൽ നടപ്പാക്കിത്തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആറു മാസത്തേക്കുള്ള ലെവി മുൻകൂട്ടി അടയ്ക്കുന്ന സ്ഥാപനങ്ങളുടെ നിതാഖാത്ത് അനുസരിച്ച ഗണം ഉടനടി ഉയർത്തും. പ്രതിമാസമാണ് ലെവി അടയ്ക്കുന്നതെങ്കിൽ നിലവിലുള്ള അതേ രീതിയിൽ ഓരോ 26 ആഴ്ച കൂടുമ്പോഴുമാണ് നിതാഖാത്ത് വിഭാഗത്തിൽ ഭേദഗതി വരുത്തുക.
നിതാഖാത്ത് പ്രകാരം ഉയർന്ന വിഭാഗത്തിലേക്ക് മാറുന്നതിന് ആവശ്യമായ സൗദികളെ ജോലിക്കു വെക്കുന്നതിന് പകരം തത്തുല്യമായ ലെവിയാണ് സമാന്തര നിതാഖാത്ത് പദ്ധതി വഴി സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടിവരിക. വേണ്ടത്ര സൗദികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് ഇപ്രകാരമുള്ള ലെവി അടയ്‌ക്കേണ്ടതില്ല.
സമാന്തര നിതാഖാത്ത് പദ്ധതി വഴി സമാഹരിക്കുന്ന തുക സൗദികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനാണ് പ്രയോജനപ്പെടുത്തുക. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി പരിശീലനം നൽകി സൗദി ജീവനക്കാരെ പ്രാപ്തരാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നിലവിലെ 12.7 ശതമാനത്തിൽ നിന്ന് 2030 ഓടെ ഏഴു ശതമാനമായി കുറക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
സമാന്തര നിതാഖാത്ത് പ്രകാരം, ഭീമമായ തുക സ്വകാര്യ സ്ഥാപനങ്ങൾ ലെവിയായി അടയ്‌ക്കേണ്ടിവരും. അധിക സ്ഥാപനങ്ങൾക്കും ഇത് താങ്ങാനാവുന്നതല്ല. ഇത്രയും ഭീമമായ തുക അടയ്ക്കുന്നതിലും നല്ലത് സൗദികളെ ജോലിക്കു വെക്കുന്നതാണെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ബോധ്യപ്പെടും.
സൗദിയിൽ 1.1 കോടി വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ വർഷം ആദ്യ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 12.1 ശതമാനത്തിൽ നിന്ന് 12.7 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനമായിരുന്നു. ചില്ലറ വ്യാപാര, നിർമാണ മേഖലകളിലാണ് ഭൂരിഭാഗം വിദേശികളും ജോലി ചെയ്യുന്നത്. വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ്. ഇവർക്കു പകരം നിയമിക്കാവുന്ന സൗദികളെ വേഗത്തിൽ ലഭ്യമാക്കുന്നതിന് സാധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കുറഞ്ഞ വേതനമാണ് സൗദികളെ അപേക്ഷിച്ച് വിദേശികൾക്ക് മുൻഗണന നൽകുന്നതിന് സ്വകാര്യ മേഖലയെ പ്രേരിപ്പിക്കുന്നത്.
2011 ൽ നടപ്പാക്കിത്തുടങ്ങിയ നിതാഖാത് പദ്ധതിയിലൂടെ സ്വകാര്യ മേഖലയിൽ ഏഴു ലക്ഷത്തിലേറെ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്.