കോട്ടയം - എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെതിരേ എൻസിപി നേതാവ്് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ , വിജയന്റെ മരണത്തിനു തൊട്ടുമുമ്പ് നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണു പുറത്തായിരിക്കുന്നത്.
ഉഴവൂർ വിജയന് അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല തുടങ്ങിയ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനം ഉഴവൂർ വിജയന്റെ പെട്ടന്നുള്ള മരണത്തിന് കാരണമായിട്ടുണ്ടെന്ന തരത്തിൽ ആരോപണം നേരത്തെ ഉയർന്നിരുന്നു.ഇതു പാർട്ടി അണികൾക്കിടയിലും ചർച്ചയായിരുന്നു.ഇതു സമർത്ഥികരിക്കുന്ന തരത്തിലാണ് എൻസിപി നേതാവിന്റെതായി പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ.എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ചു സുൾഫിക്കർ ഉഴവൂരിനെ അധിക്ഷേപിക്കുന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നത്.
ഉഴവൂർ വിജയനെയും കുടുംബാഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളും ഇതിലുണ്ട്. എൻസിപി സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നും ഉഴവൂർ വിജയനെ മാറ്റുന്നതിനടക്കമുള്ള കാര്യങ്ങളും സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. നേതാവുമായുള്ള സംഭാഷണത്തിനു പിന്നാലെ ഉഴവൂർ വിജയനെയും ഇയാൾ വിളിച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവേ കായംകുളത്തുള്ള ഒരു സുഹൃത്തിന്റെ ഭവനം സന്ദർശിച്ചു എന്നതിനെ ചൊല്ലിയാണ് ഈ നേതാവ് ഉഴവൂരിനെ വിളിച്ചത്. ആ സന്ദർശത്തിൽ അതൃപ്തി അറിയിച്ച നേതാവു തുടർന്നു നടത്തിയ വ്യക്തിപരമായ അധിക്ഷേപവും ഉഴവൂരിനെ തളർത്തി. വാഹനത്തിൽ കുഴഞ്ഞു വീണ ഉഴവൂർ വിജയനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേ സമയം ഇക്കാര്യങ്ങളോട് ഉഴവൂരിന്റെ കുടുംബാഗങ്ങളോ പാർട്ടി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.