ദുബായ്- യു.എ.ഇയില്‍ ഈ മാസം പെയ്തത് ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ്. എന്നാല്‍ ക്ലൗഡ് സീഡിംഗിലൂടെ പെയ്ത 35 ശതമാനം വരെ മഴയേ വര്‍ധിച്ചിട്ടുള്ളുവെന്ന് കാലാവസ്ഥാ വിദഗ്ധര്‍.
ക്ലൗഡ് സീഡിംഗ് ഫലങ്ങള്‍ കൃത്യമായി അളക്കാന്‍ ഇപ്പോഴും ഒരു സാങ്കേതികവിദ്യയും ഇല്ല. അതിനാല്‍ ഒരു മേഘം സ്വന്തമായി എത്രമാത്രം മഴ പെയ്യിക്കുമെന്നും എത്ര ക്ലൗഡ് സീഡിംഗ് മഴ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ക്ലൗഡ് സീഡിംഗ് 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ് നല്‍കുന്നു, പരമാവധി മഴ നേടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു-യു.എ.ഇയിലെ കാലാവസ്ഥാ ബ്യൂറോയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ഗവേഷണ, വികസന, പരിശീലന ഡയറക്ടര്‍ ഒമര്‍ അല്‍ യസീദി പറഞ്ഞു.
തലസ്ഥാനത്തെ നാലാമത്തെ മഴ വര്‍ധന പദ്ധതിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ യോഗത്തില്‍ മഴയുടെ ശാസ്ത്രത്തെക്കുറിച്ചും ആഗോള ജല സുരക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
2015 ലാണ് യു.എ.ഇ മഴ ലഭ്യത മെച്ചപ്പെടുത്താന്‍ ശാസ്ത്രീയ ഗവേഷണ പരിപാടി ആരംഭിച്ചത്. ഇതുവരെ ഒമ്പത് പദ്ധതികള്‍ക്ക് മൊത്തം 15 ദശലക്ഷം ഡോളര്‍ (55 ദശലക്ഷം ദിര്‍ഹം) അനുവദിച്ചു. ഇവയില്‍ ചിലത് മഴശാസ്ത്രത്തെ വികസിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്, മറ്റുള്ളവ ക്ലൗഡിംഗ് വസ്തുക്കള്‍ മെച്ചപ്പെടുത്തുന്നതിലും കാലാവസ്ഥാ നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈര്‍പ്പം നല്ല രീതിയില്‍ ആഗിരണം ചെയ്യുന്ന ഉപ്പ് കണങ്ങള്‍ വിതക്കുകയാണ് ക്ലൗഡിംഗില്‍ പ്രധാനമായും ചെയ്യുന്നത്. കണികകള്‍ തുള്ളികളെ വലുപ്പമുള്ളതാക്കുന്നു. അവ പരസ്പരം കൂട്ടിമുട്ടി വായുവിനേക്കാള്‍ ഭാരം കൂടിയ ഒരു വലിയ തുള്ളി ഉണ്ടാക്കുന്നു, അത് മഴയായി വീഴുന്നു.
184 ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും 2018 ല്‍ യു.എ.ഇയില്‍ വെറും 46.5 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് എന്‍.സി.എം പറയുന്നു. 2019 ല്‍ മഴ 101.1 മില്ലിമീറ്ററായി ഉയര്‍ന്നു, 247 പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഈ വര്‍ഷം, എന്‍.സി.എം ഇതിനകം 17 സീഡിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.