കോഴിക്കോട്- എന്ത് അക്രമം ചെയ്തതിന്റെ പേരിലാണ് കോഴിക്കോട്ട് നിന്ന് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തത് എന്ന കാര്യം ലോകത്തോട് പറയാനുള്ള ധാർമ്മിക ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര. ഫെയ്‌സ്ബുക്കിലാണ് മീര ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിനിടെ അലന്റെ മാതാപിതാക്കളെ പരിചയപ്പെട്ടതിന് ശേഷമായിരുന്നു മീരയുടെ വിമർശനം.
മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിൻറെ ആനന്ദത്തിൽ ആറാടി നടക്കുമ്പോഴാണ് അലൻറെ മാതാപിതാക്കളെ ദീദി ദാമോദരൻ പരിചയപ്പെടുത്തിയത്. ഊതി വീർപ്പിച്ച ബലൂണിൽ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്. നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതി.
കരിഞ്ഞു പോയ കണ്ണുകൾ.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താൻ
ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും
അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?