മുംബൈ - പ്രശസ്ത നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അവരുടെ ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ പരുക്കന്‍ ഡ്രൈവിംഗിന് കേസെടുത്തു.
മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കാര്‍ ട്രക്കിലിടിച്ച് ശബാന ആസ്മിക്ക് പരിക്കേറ്റത്.
ശബാന ആസ്മി സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ട്രക്ക് ഡ്രൈവര്‍ രാജേഷ് പാണ്ഡുരംഗ് ഷിന്‍ഡെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡ്രൈവര്‍ കാമത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ ശബാന ആസ്മിയെ ഉടന്‍ എം.ജി.എം ഹോസ്പിറ്റലിലും തുടര്‍ന്ന മുംബൈയിലെ കോകിലബെന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലുമെത്തിച്ചു. തലക്കും നട്ടെല്ലിനുമാണ് പരിക്കെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശബാനയോടൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറിനും നിസ്സാര പരിക്കേറ്റിരുന്നു.