പെരിന്തൽമണ്ണ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരിപ്ര സ്വദേശിയായ മുഹമ്മദ് അസ്്‌ലം (22) ആണ് മങ്കട പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് തന്റെ സുഹൃത്തിന്റെ കാറിൽ കൊണ്ടുപോവുകയും എറണാകുളം, മൂന്നാർ, മൈസൂർ, വയനാട് എന്നിവിടങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഒളിവിൽ പോയ യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു. വയനാട്ടിലെത്തി അവിടെയുള്ള ഒരു ടാക്‌സി ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചതാണ് പോലീസിന് അന്വേഷണത്തിൽ തുമ്പായത്. മങ്കട എസ്.ഐ അബ്ദുൽ അസീസ്, എ.എസ്.ഐ ബൈജു കാലയിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു കുര്യാക്കോസ്, ജയമണി, ബിന്ദു, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.