കോഴിക്കോട്- പൗരത്വഭേദഗതി നിയമത്തിൽ സംഘടനകൾ ഒന്നിച്ചുനിന്ന് സമരം ചെയ്താലും അതിനെ പിന്തുണക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതി നിയമ വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്ക് ചെയ്യുന്ന സമരത്തിന് കൂടുതൽ ശക്തിയുണ്ടാകുമെന്നും എന്നാൽ ഏത് തരത്തിലുള്ള സമരത്തിനും സമസ്ത പിന്തുണ നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പൗരത്വനിയമത്തിൽ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിയതിന്റെ കാരണം എന്തുകൊണ്ടാണെന്ന് സർക്കാർ ഇതേവരെ വ്യക്തമാക്കിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ ജാതീയത കൊണ്ട് ഭിന്നിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചത് കൊണ്ട് എന്ത് നേട്ടമാണ് കേന്ദ്ര സർക്കാറിനുള്ളതെന്ന് വ്യക്തമാകുന്നില്ല. ഇത് മുസ്ലിംകളുടെ പ്രശ്‌നമല്ല. രാജ്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണിത്. മുത്തലാഖ് പ്രശ്‌നം സിവിൽ നിയമത്തിൽനിന്ന് ക്രിമിനലാക്കി മാറ്റി. മുത്തലാഖ് ചൊല്ലപ്പെട്ട സ്്ത്രീയും പുരുഷനും വീണ്ടും മരണം വരെ ഒന്നിച്ചു ജീവിക്കുന്നതിന് വിരോധമില്ല എന്ന് കൂടിയാണ് കേന്ദ്രം നിയമമുണ്ടാക്കിയത്. മുത്തലാഖ് ചൊല്ലുന്നവർ ആയിരത്തിൽ ഒന്നെങ്കിലുമുണ്ടാകും. അതുകൊണ്ടാണ് അത് പ്രശ്‌നമുണ്ടാക്കണ്ട എന്ന് വെച്ചത്. ബാബരി മസ്ജിദ് വിധി വരുന്നതിന് മുമ്പ് തന്നെ എന്ത് വിധിയുണ്ടായാലും അനുസരിക്കാമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആ വിധി ശരിയായതു കൊണ്ടല്ല എതിർക്കാതിരുന്നത്. ഈ രീതിയിൽ മുന്നോട്ടുപോയാൽ രാജ്യം നശിക്കും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രംഗത്തിറങ്ങുന്നതെന്നും കാന്തപുരം പറഞ്ഞു. താൽപര്യങ്ങളൊന്നുമില്ലാതെ എല്ലാവരും ഈ സമരത്തിന് യോജിച്ചു രംഗത്തുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. രാജ്യം ഉണ്ടായത് മുതൽ ഇവിടെ മുസ്ലിംകളുണ്ടെന്നും ആരെയും ഇവിടെനിന്ന് ആട്ടിയോടിക്കാൻ അനുവദിക്കില്ലെന്നും കാന്തപുരം വ്യക്തമാക്കി.
ഒന്നിച്ചുനിന്നാൽ ഈ സമരം വിജയിപ്പിക്കാനാകുമെന്ന് മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചിരുത്താൻ സഹായിച്ചതിന് മോഡിക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരെ എല്ലാവരും രംഗത്തുണ്ടെന്നും മടവൂർ പറഞ്ഞു.