കാസർകോട്- ബദിയടുക്കയിലും പരിസരങ്ങളിലുമുള്ള ഒരു വിഭാഗത്തിന്റെ കടകൾ ബഹിഷ്‌കരിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ച കേസിൽ വാട്‌സ് ആപ്പ് അഡ്മിൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ഐക്കൺ ബദിയടുക്ക എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ബദിയടുക്ക സി.എ മൻസിലിൽ പി. അബ്ദുൽ മനാഫ് (32), സന്ദേശം ഷെയർ ചെയ്ത മൂക്കം പാറമരമില്ലിന് സമീപത്തെ പി.ഷെരീഫ് (36), ബദിയടുക്കയിലെ അബ്ദുൽ സഹദ് (26) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ മൂക്കംപാറയിലെ മുഹമ്മദ് ഹനീഫ, ബദിയടുക്ക ഒളമലയിലെ പി.കെ ഇബ്രാഹിം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു. യൂത്ത് ഐക്കൺ എന്ന ഗ്രൂപ്പിൽ 160 പേരാണ് അംഗങ്ങളായിട്ടുള്ളത്. ഇനിയും കൂടുതൽ പേർക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും സന്ദേശം ഷെയർ ചെയ്തവരെല്ലാം കേസിൽ ഉൾപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ബഹിഷ്‌കരണ സന്ദേശം പ്രചരിപ്പിച്ചിട്ടും കടകളിലെ തിരക്കുകൾക്ക് കുറവൊന്നുമില്ല.