ജിദ്ദ - ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് വിഷമത്തിലായ സെക്യൂരിറ്റി ജീവനക്കാരന് ഉദാരമതികളില്‍ നിന്ന് സഹായ പ്രവാഹം. ജിദ്ദയിലെ ബലദില്‍ വാണിജ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നാസിര്‍ മുഹമ്മദ് ഹമൂദിനാണ് 1,500 റിയാല്‍ വിലവരുന്ന പഴയ ബൈക്ക് മോഷണം പോയതിന്റെ പേരില്‍ ലക്ഷക്കണക്കിന് റിയാലിന്റെ സഹായങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം ബലദിലെ മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് നാസിര്‍ ഹമൂദിന്റെ ബൈക്ക് മോഷണം പോയത്.
നമസ്‌കാരം പൂര്‍ത്തിയായി മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയ നാസിര്‍ ഹമൂദിന് തന്റെ ബൈക്ക് കാണാനായില്ല. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് 1,500 റിയാലിന് വാങ്ങിയ പഴയ ബൈക്ക് ആണ് മോഷണം പോയത്. ബൈക്ക് കാണാതായതോടെ സങ്കടം സഹിക്കവെയ്യാതെ നാസിര്‍ ഹമൂദ് പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്നവരില്‍ ഒരാള്‍ ചിത്രീകരിക്കുകയും സെക്യൂരിറ്റികാരന്റെ ബൈക്ക് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയുമായിരുന്നു.
വൈകാതെ ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റ് ആയി മാറി. ബൈക്ക് കണ്ടെത്തുന്നവര്‍ അക്കാര്യം തന്നെ ബന്ധപ്പെട്ട് അറിയിക്കുന്നതിനുള്ള നമ്പറും നാസിര്‍ ഹമൂദ് നല്‍കിയിരുന്നു. വൈകാതെ സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ നാസിര്‍ ഹമൂദുമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ രണ്ടു ലക്ഷം റിയാലാണ് നല്‍കിയത്. മറ്റു നിരവധി പേരും സംഭാവനകള്‍ നല്‍കി. ഇവര്‍ക്കെല്ലാവര്‍ക്കും നാസിര്‍ മുഹമ്മദ് ഹമൂദ് നന്ദി പറഞ്ഞു.
ബൈക്ക് കാണാതായപ്പോള്‍ താനിനി എങ്ങനെ ജോലിയില്‍ തുടരുമെന്നും ആരാണ് തന്നെ ജോലി സ്ഥലത്തെത്തിക്കുകയെന്നുമാണ് ചിന്തിച്ചതെന്നും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടാന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും നാസിര്‍ ഹമൂദ് പറഞ്ഞു.