തിരുവനന്തപുരം- പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശം കുമ്മനം ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹരജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കുമെന്ന് കരുതുന്നു.
നിയമത്തിനെതിരെ നിയമസഭയില്‍ ഏകകണ്ഠ്യേന പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത് 2016ലാണെന്നും കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് 2019ലാണെന്നും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഹരജിക്കുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം പറയുന്നു.
ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്നും ഹരജിയില്‍ പറയുന്നു.