കുവൈത്ത് സിറ്റി- കുവൈത്തിലേക്ക് വീട്ടുവേലക്കാരെ അയക്കുന്നതിന് ഫിലിപ്പീന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് പ്രവാസ തൊഴില്‍കാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി ഫിലിപ്പൈന്‍സ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മന്ത്രി സില്‍വെസ്റ്റര്‍ ബെല്ലോയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം വിദഗ്ധരും പ്രൊഫഷനലുകളുമായ തൊഴിലാളികളെ നിരോധത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ജിനാലിന്‍ വില്ലവെന്റ എന്ന വീട്ടുജോലിക്കാരി കുവൈത്തില്‍ കൊല്ലപ്പെട്ടിരിന്നു. തുടര്‍ന്ന് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഭാഗിക നിരോധം ഏര്‍പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നപക്ഷം ഭാഗിക നിരോധം സമ്പൂര്‍ണമാക്കി മാറ്റുമെന്നും ഫിലിപ്പീന്‍ സര്‍ക്കാര്‍ കുവൈത്ത് അധികൃതര്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു.
2018 ല്‍ ഗാര്‍ഹിക തൊഴിലാളിയായ മറ്റൊരു ഫിലിപ്പീന്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍ പ്രസിഡന്റ് കുവൈത്തിനെതിരെ നടത്തിയ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ കുവൈത്തിലെ ഫിലിപ്പീന്‍ സ്ഥാനപതിയെ രാജ്യത്ത്‌നിന്നു പുറത്താക്കുന്നതിലേക്കാണു നയിച്ചത്. 2018 മെയില്‍ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെയാണു സംഘര്‍ഷം കെട്ടടങ്ങിയത്.