http://malayalamnewsdaily.com/node/22961/articlesതലശ്ശേരി- മകന്റെ വിവാഹിത്തില് പങ്കെടുക്കാനായി പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅദനി തലശേരിയിലെത്തി. തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് വിവാഹം. ഇതോടനുബന്ധിച്ച് നഗരത്തിൽ കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തി. ജില്ലാ പൊലിസ് ചീഫിന്റെ നിയന്ത്രണത്തിൽ കനത്ത സുരക്ഷയാണ് തലശ്ശേരിയിൽ ഒരുക്കിയരിക്കുന്നത്. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷ. രാവിലെ 7.10ന് തിരുവന്തപുരം-മംഗളുരു എക്‌സപ്രസിൽ തലശ്ശേരി റെയിൽവെ സ്റ്റേഷനിലെത്തിയ മഅദനിയെ പ്രവർത്തകർ സ്വീകരിച്ച് താമസ സ്ഥലമായ പഴയ ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലിലെത്തിച്ചു. തുടർന്ന് 12 മണിക്ക് ടൗൺഹാളിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരിക്കും. പിന്നീട് മഅദനി അഴിയൂരിലെ മരുമകളുടെ വീട്ടിലെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാനായ് പോകും. ചടങ്ങിന് ശേഷം വൈകിട്ട് റോഡ് മാർഗം കോഴിക്കോട്ടേക്ക് പോകുന്ന മദനി വ്യാഴാഴ്ച രാവിലെ 9.30ഓടെ ട്രെയിൻ മാർഗം കൊല്ലത്തേക്ക് മടങ്ങും.
മൂന്ന് സി.ഐ മാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലിസുകാരെ വിവാഹം നടക്കുന്ന ടൗൺഹാളിലും മദനി താമസിക്കുന്ന ഹോട്ടലിനും സുരക്ഷക്കായ് നിയോഗിച്ചു. ഇന്നലെ മുതൽ മദനി താമസിക്കുന്ന ഹോട്ടലും ടൗൺഹാളും പൊലിസ് വലയത്തിലാണ്. നഗരത്തിൽ കർശന വാഹന പരിശോധനയും ഇന്നലെ മുതൽ ആരംഭിച്ചു. മഅദനിയുടെ മകൻ ഉമ്മർ മുഖ്താറും അഴിയൂരിലെ പി.പി ഇല്യാസിന്റെ മകൾ നിഹമത്ത് ഫെബിനും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ടൗൺഹാളിൽ 12 മണിക്ക് ആരംഭിക്കും.