കുവൈത്ത് സിറ്റി- ഗോ എയര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വീസ് അവസാനിപ്പിക്കുന്നു. ഈ മാസം 24 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ബുക്കിംഗ് നിര്‍ത്തി. സമ്മര്‍ ഷെഡ്യൂളില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നു ഗോ എയര്‍ അറിയിച്ചു.
ഏതാനും ദിവസം കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക കാരണങ്ങള്‍മൂലം സര്‍വീസുകള്‍ നാല് മണിക്കൂര്‍ വരെ വൈകിയിരുന്നു. ഒരേ എയര്‍ക്രാഫ്റ്റ് തന്നെയാണ് കണ്ണൂര്‍–-കുവൈത്ത് സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്.
കുവൈത്തില്‍ നിന്നുള്ള സര്‍വീസ് വൈകിയതു കണ്ണൂരില്‍ നിന്നുള്ള മടക്ക സര്‍വീസിനെയും ബാധിച്ചു. വിന്റര്‍ ഷെഡ്യൂളിന്റെ തുടക്കത്തില്‍ ഒക്ടോബറില്‍ ഇന്‍ഡിഗോയും കുവൈത്ത് സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതോടെ വിന്റര്‍ ഷെഡ്യൂളില്‍ ബാക്കിയുള്ള 64 ദിവസം കണ്ണൂരില്‍ നിന്നു കുവൈത്തിലേക്കു നേരിട്ടു സര്‍വീസ് ഉണ്ടാകില്ല.
ആഴ്ചയില്‍ 2 ദിവസം (ചൊവ്വ, ശനി) ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്.