തൃശൂർ- രഹസ്യ ചർച്ചയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ. പത്തു പേരടങ്ങുന്ന സംഘവുമായി രണ്ടര മണിക്കൂറാണ് രഹസ്യ ചർച്ച നടത്തിയത്. കണ്ണൂരിൽനിന്നുള്ള ചില സി.പി.എം നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
മുഖ്യമന്ത്രി തൃശൂരിൽ താമസിക്കാറുള്ള സർക്കാരിന്റെ അതിഥി മന്ദിരമായ രാമനിലയത്തിലോ വിശാല സൗകര്യങ്ങളുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലോ കൂടിക്കാഴ്ച നടത്താതെ ഒരു ഫ്‌ലാറ്റിലാണ് കൂടിക്കാഴ്ച നടന്നത്. തൃശൂർ നമ്പൂതിരി വിദ്യാലയത്തിന് അരികിലുള്ള കെ.എൻ.പി ശിവപുരി എന്ന ഫ്‌ലാറ്റ് സമുച്ചയമാണ് രഹസ്യ കൂടിക്കാഴ്ചയ്ക്കു വേദിയായത്. ഫാളാറ്റിന്റെ പണി ഏറെക്കുറേ പൂർത്തിയായെങ്കിലും താമസക്കാർ ആരുമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ഫ്‌ലാറ്റിന്റെ ഉടമകളായ വാണിജ്യ പ്രമുഖനാണ് കൂടിക്കാഴ്ചയ്ക്ക് സ്ഥലമൊരുക്കിയത്.
ഇന്നലെ രാവിലെ 11 ന് ഫഌറ്റിലെത്തിയ മുഖ്യമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് എത്തിയവരും ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിരിഞ്ഞത്. മുഖ്യമന്ത്രിയുടെ കാർ കെട്ടിടത്തിലേക്കു കയറ്റിയെങ്കിലും പാർക്കു ചെയ്തത് ആരും ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു. എസ്‌കോർട്ട് സംഘവും അവരുടെ വാഹനങ്ങളും ഫ്‌ലാറ്റിലേക്കു പ്രവേശിക്കാതെ ദൂരെയാണു പാർക്കു ചെയ്തത്. ഇടുങ്ങിയ റോഡുകളിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ദൂരേയ്ക്കു മാറി പാർക്കു ചെയ്തത്. ഫ്‌ലാറ്റിനു ചുറ്റും മഫ്ടിയിൽ പോലീസുകാർ സജ്ജരായിരുന്നു.
ഫ്‌ലാറ്റിനു തൊട്ടരികിലാണു സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ്. രാവിലെ തൃശൂരിലെത്തിയ മുഖ്യമന്ത്രി രാമനിലയത്തിലാണു വിശ്രമിച്ചത്. ഫ്‌ലാറ്റിലെ കൂടിക്കാഴ്ചയ്ക്കു ശേഷവും രാമനിലയത്തിലേക്കാണു തിരിച്ചുപോയത്. വൈകുന്നേരം തൃശൂരിലെ നിശാ വാണിജ്യോൽസവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചശേഷമാണ് മുഖ്യമന്ത്രി തൃശൂർ വിട്ടത്.