റിയാദ് - ഈ വർഷത്തെ സെക്കന്റ് ടേം പരീക്ഷ നേരത്തെയാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. റമദാൻ പത്തിന് (മെയ് 3 ഞായറാഴ്ച) ആരംഭിക്കുന്ന തരത്തിൽ പരീക്ഷ പുനഃക്രമീകരിക്കാനാണ് നിർദേശം. സെക്കന്റ് ടേം പരീക്ഷ പൂർത്തിയായി അധ്യയന വർഷാന്ത്യ അവധിക്ക് റമദാൻ 21 (മെയ് 14) ന് വ്യാഴാഴ്ച സ്‌കൂളുകൾ അടക്കും. റമദാനിൽ സ്‌കൂളുകൾക്ക് അവധി നൽകി ഈദുൽഫിത്‌റിനു ശേഷം സെക്കന്റ് ടേം പരീക്ഷ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
പരീക്ഷ നേരത്തെയാക്കുന്നത് വഴിയുള്ള നേട്ടങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിശദമായി പഠനം നടത്തുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് പറഞ്ഞു.
എലിമെന്ററി സ്‌കൂളുകളിൽ സെക്കന്റ് ടേം പരീക്ഷകൾക്ക് റമദാൻ 18 നാണ് തുടക്കമാവുക. നഴ്‌സറി, എലിമെന്ററി സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് റമദാൻ 21 ന് പ്രവൃത്തി ദിവസം പൂർത്തിയാകുന്നതു മുതൽ വർഷാന്ത്യ അവധി (വേനലവധി) ആരംഭിക്കും. ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങളിൽ സെക്കന്റ് റൗണ്ട് പരീക്ഷകൾ ശവ്വാൽ 10 ചൊവ്വാഴ്ച ആരംഭിക്കും. ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങളിൽ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ശവ്വാൽ 19 ന് പ്രവൃത്തി ദിവസം പൂർത്തിയാകുന്നതു മുതൽ വേനലവധി ആരംഭിക്കും. വേനലവധിക്കു ശേഷം അനധ്യാപക ജീവനക്കാർക്ക് ദുൽഹജ് 26 ന് ഡ്യൂട്ടി പുനരാരംഭിക്കും. അധ്യാപകർ മുഹറം നാലിനാണ് ജോലിക്ക് ഹാജരാകേണ്ടത്. വേനലവധിക്കു ശേഷം പുതിയ അധ്യയന വർഷം മുഹറം 11 ന് ഞായറാഴ്ച ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ് പറഞ്ഞു.